NEWS

‘സേ നോ ടു ഡ്രഗ്സ്’ രൂപരേഖ നൽകി മോഹൻലാൽ; തൂഫാൻ ആരംഭശൂരത്വമല്ലെന്ന് ചെന്നിത്തല


തിരുവനന്തപുരം ∙ ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനില്‍ പങ്കുചേര്‍ന്ന് നടന്‍ മോഹന്‍ലാലും. തൂഫാന്‍ വാറിയര്‍ ബാഡ്ജ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിനു കൈമാറി. ഓപ്പറേഷൻ തൂഫാന്‍ നോഡല്‍ ഓഫിസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയുടെ കൂടി സാന്നിധ്യത്തിലായിരുന്നു ഇത്. തങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് പറഞ്ഞ മോഹന്‍ലാല്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും രമേശ് ചെന്നിത്തലയോട് വിശദീകരിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്ത ‘സേ നോ ടൂ ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ ഇതിനോടകം തന്നെ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടർന്നും പരിപൂർണമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലിനെ പോലെ ജനങ്ങൾ നെഞ്ചേറ്റിയ ഒരു താരം ദൗത്യത്തിനു പിന്തുണ നൽകുന്നത് ഓപ്പറേഷൻ തൂഫാന് പുതിയ ഊർജം പകരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ താൽക്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതൽ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണവും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും, പൊതുജന പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും തൂഫാൻ വാറിയേഴ്സ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Source link

Back to top button