NEWS
‘മോദി തന്നെയാണ് നേതാവെങ്കിൽ ഇന്ത്യയെ ആരെങ്കിലും ആക്രമിച്ചാൽ സഹായിക്കും’: പുതിയ ആളാണെങ്കിൽ ഉറപ്പില്ലെന്ന് ട്രംപ്

പാരിസ് ∙ ഉഭയകക്ഷി ബന്ധം വീണ്ടെടുക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പ്രകീർത്തിച്ചു. ഇതോടൊപ്പം, രാജ്യാന്തര കപ്പൽ ചാലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം പ്രധാനമന്ത്രി പ്രത്യേകം ഉന്നയിക്കുകയും, ഇതിന്റെ പ്രാധാന്യം യുഎസ് പ്രസിഡന്റിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലാഖയെന്ന് വിശേഷിപ്പിച്ച ട്രംപ് മോദി നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം ഇന്ത്യ വലിയ വളർച്ച കൈവരിക്കുമെന്നും പറഞ്ഞു. പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനം നിലനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ ട്രംപ്, മുൻപ് താൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്ന കാര്യവും യോഗത്തിൽ ആവർത്തിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടുന്നത് അത്യാവശ്യമാണെന്നും, അവിടെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നാവികരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കവെ, വെള്ളിയാഴ്ച ഒപ്പുവയ്ക്കാൻ നിശ്ചയിച്ചിരിക്കുന്ന യുഎസ്-ഇറാൻ കരാറിൽ ഈ വിഷയത്തിന് മുൻഗണന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന സമുദ്ര പാതകളിൽ ലക്ഷക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ആഗോള പുരോഗതിക്ക് അവർ വലിയ സംഭാവനയാണ് നൽകുന്നത്. അവരുടെ സുരക്ഷ ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇറാനുമായുള്ള ഈ ധാരണയിലും കരാറിലും എത്തിച്ചേരാൻ നിങ്ങൾ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ കരാർ നടപ്പിലാക്കുമ്പോൾ നാവികരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.
Source link


