NEWS

‘ആ കാഴ്ച ജീവിതത്തിൽ ആദ്യം, ശരീരത്തിൽ തൊട്ടാണ് ടയർ നിന്നത്; മുണ്ടഴിച്ച് ശരീരം മറച്ചത് വലിയ കാര്യമായി തോന്നുന്നില്ല’


കൊച്ചി ∙ ‘‘അപ്പോൾ വേറൊന്നും മനസിൽ വന്നില്ല. ആ സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ടയർ കേറിയരഞ്ഞ്, കീറിപ്പറിഞ്ഞ് കിടക്കുവാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്. അവർക്കൊരു പ്രയാസം ഉണ്ടാകരുതല്ലോ. പിന്നെ എല്ലാവരും കൂടി ഓട്ടോയിൽ കയറ്റി അവരെ ആശുപത്രിയിലേക്ക് വിട്ടു. എനിക്ക് അപ്പോൾ അടുത്തുള്ള കടയിലെ പയ്യൻ ഒരു മുണ്ട് കൊണ്ടുവന്നു തന്നു’’- അപകടത്തിൽപ്പെട്ട് വസ്ത്രം മുഴുവൻ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ച് നൽകിയ ഷാജിക്ക് താൻ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. അപ്പോൾ അങ്ങനെ തോന്നി, അത് ചെയ്തു എന്ന് 53 വയസ്സുകാരനായ ഷാജി പറയുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ.ഷാജിയുടെ നല്ല മനസിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാരും വീട്ടുകാരുമൊക്കെ. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റാച്യൂ ജംക്‌ഷനിൽ എറണാകുളത്തേക്ക് തിരിയുന്നിടത്തു വച്ചായിരുന്നു അപകടം. മുളന്തുരുത്തി സ്വദേശിയായ 56കാരിയുടെ സ്കൂട്ടർ എറണാകുളത്തേക്ക് തിരിയുകയായിരുന്ന ബസിനടിയിൽ പെടുകയായിരുന്നു. ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ച് പോകുന്നതു കണ്ട് നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ് നിർത്തിയത്. ഈ ബഹളം കേട്ടാണ് ഷാജിയും അവിടേക്ക് ഓടിയെത്തിയത്. ചായ വിതരണത്തിന്റെ ഇടയിലായിരുന്നു ഇത്.


Source link

Back to top button