NEWS
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഡെങ്കി കേസുകൾ 100 കടന്നു; നിപയിൽ ആശ്വാസം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. 4 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുൻസിപ്പാലിറ്റി ഡിവിഷൻ 5 ലെ 75 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ സമ്പർക്കപ്പട്ടികയിലെ 95 പേരെ ഇന്ന് കൺട്രോൾ റൂമിൽ നിന്ന് വിളിച്ചു.
Source link


