സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ കൂടി മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളെ പച്ച അലർട്ടിൽ നിന്ന് മഞ്ഞ അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾക്ക് പുറമെയാണ് തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളെ കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തിയത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Source link
NEWS


