HEALTH
സാനിറ്ററി പാഡിന് പകരം പത്രം; 40 ലക്ഷം കുട്ടികളും ആശ്രയിക്കുന്നത് സുരക്ഷിതമല്ലാത്ത മാർഗം

കുറച്ചുദിവസം മുമ്പ് പുറത്തിറങ്ങിയ ഒരു ദക്ഷിണാഫ്രിക്കൻ പത്രത്തിന്റെ ഒന്നാം പേജ്, വായനക്കാരെ ആകർഷിക്കുകയും അതുപോലെ തന്നെ അമ്പരപ്പിക്കുകയും ചെയ്തു. ആദ്യപേജിലെ ഒരു ചുവപ്പുകറയാണ് ആളുകളെ അമ്പരപ്പിച്ചത്. പത്രത്തിന്റെ പേജിലൂടെ ഒരു കടുംചുവപ്പുനിറം പടർന്നതുപോലെയാണ് ഉണ്ടായിരുന്നത്. സൂക്ഷിച്ചുനോക്കുമ്പോൾ ആ കറയ്ക്കുതാഴെ ഇങ്ങനെയും കൊടുത്തിട്ടുണ്ട്, ”നിങ്ങളുടെ പാഡ് അഞ്ചുവർഷം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ?”അതിനുപിന്നാലെയുള്ള ചർച്ചകളായി പിന്നീട്. പ്രിന്റിങ് സമയത്തുണ്ടായ എന്തെങ്കിലും പിശകാണോ എന്നുപോലും പലരും ചിന്തിച്ചു. ഒടുവിലാണ് ആർത്തവാരോഗ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനാണ് പത്രം നടത്തിയതെന്ന് വ്യക്തമായത്. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ‘ദി സ്റ്റാർ’ എന്ന പത്രമാണ് വ്യത്യസ്തമായൊരു കാമ്പയിനുമായി രംഗത്തെത്തിയത്. ഈ കാമ്പയിൻ വളരെ പെട്ടെന്ന് വൈറലായി. ആർത്താവരോഗ്യത്തിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കും അത് തുടക്കമിട്ടു.ഇങ്ങനെയൊരു കാമ്പയിനുമായി പത്രം രംഗത്തുവരാൻ കാരണമെന്തായിരിക്കാം? ദക്ഷിണാഫ്രിക്കയിലെ 40 ലക്ഷം സ്കൂൾ വിദ്യാർഥിനികൾ ആർത്തവകാലത്ത് സാനിറ്ററി പാഡുകളോ ടാമ്പൂണുകളോ വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനെക്കുറിച്ചുള്ള ചർച്ചകളിലേക്കാണ് പത്രം മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചത്. പാഡുകൾ വാങ്ങാൻ കഴിയാത്തവർ വൃത്തിയില്ലാത്ത തുണിക്കഷണങ്ങൾ, മറ്റ് സുരക്ഷിതമല്ലാത്ത വസ്തുക്കൾ എന്നിവയാണ് പകരമായി ഉപയോഗിക്കുന്നത്. പത്രങ്ങൾ പോലും അവർ പാഡ് പോലെ ഉപയോഗിക്കുന്നുണ്ടെന്നതാണ് നടുക്കുന്ന മറ്റൊരു യാഥാർഥ്യം.മാത്രമല്ല ആർത്തവകാലത്തെ ഈ പ്രശ്നങ്ങൾ മൂലം ഓരോ മാസവും അഞ്ചുദിവസം വരെ അവിടെയുള്ള കുട്ടികൾക്ക് സ്കൂളിൽ പോവാനും കഴിയാറില്ല. ഇതെല്ലാം അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, അന്തസ്സ് എന്നിവയെയും ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.ദി സ്റ്റാറിനൊപ്പം ദി മെർക്കുറി, കേപ്പ് ടൈംസ് എന്നീ പത്രങ്ങളും ഈ വിഷയം ചർച്ചയാക്കി. ഒരു പത്രം വളരെ വ്യത്യസ്തമായിട്ടാണ് ഇതിനെ നോക്കിക്കണ്ടത്. ”ഒരു പത്രത്തിന് രക്തം ആഗിരണം ചെയ്യാൻ കഴിയും. പക്ഷേ നാണക്കേട് ആഗിരണം ചെയ്യാൻ കഴിയില്ല”.അതുകൊണ്ടാണ് പത്രങ്ങളെ തന്നെ ആർത്തവാരോഗ്യത്തിനായുള്ള സന്ദേശമാക്കി മാറ്റി മാധ്യമങ്ങൾ ഉപയോഗിച്ചത്. ഈ അസുഖകരമായ യാഥാർഥ്യത്തിലേക്ക് വായനക്കാരെയും കൂടി കൊണ്ടുപോകാനാണ് ഈ കാമ്പയിനിലൂടെ അവർ ഉദ്ദേശിക്കുന്നത്.
Source link


