NEWS

35 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ: പ്രതികളെ അറസ്റ്ര് ചെയ്തത് സാഹസികമായി

തൃശൂർ: പെരുമ്പിലാവ് പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരെയാണ് പൊലീസ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികൾ യാത്ര ചെയ്ത കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അമിതവേഗതയിൽ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയെത്തിയ പൊലീസിനെ വെട്ടിച്ച് പ്രതികൾ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ ഇവരുടെ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ പൊലീസ് സംഘം സാഹസികമായി പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത കഞ്ചാവ് ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ മൊഴിനൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.


Source link
NEWS

Back to top button