NEWS

കൊലവിളിയുമായി അഞ്ചംഗ സംഘം; യുവതിയെ രക്ഷിച്ച് ബംഗാളി ട്രക്ക് ഡ്രൈവർ; സിനിമയെ വെല്ലുന്ന ചേസ്, മൂവാറ്റുപുഴയിൽ നടന്നത്…


കൊച്ചി ∙ സമയം രാത്രി 11.15. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുർവേദ തിരുമ്മൽ ചികിത്സാ കേന്ദ്രം. ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി പുറത്തിറങ്ങുന്നു. നാട്ടിലേക്കുള്ള ബസ് പിടിക്കാൻ സ്റ്റാൻഡിലേക്കു വേഗം നടക്കുന്നതിനിടെ രണ്ടു ൈബക്കുകളിലായി അ‍ഞ്ചു പേർ വഴി തടഞ്ഞു. മദ്യലഹരിയിലായ യുവാക്കൾ യുവതിക്കു ചുറ്റും ബൈക്ക് ഓടിച്ച് കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ ഭയന്നു നിലവിളിച്ചു കൊണ്ട് യുവതി തിരിഞ്ഞോടി. കരഞ്ഞുകൊണ്ട് ഓടിവന്ന യുവതിയെക്കണ്ട്, ആ വഴി വന്ന ബൈക്കുകാരൻ വണ്ടി നിർത്തുന്നു. യുവതി അപകടത്തിലാണെന്നു മനസിലാക്കി അവരെ കയറ്റി പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിന്നു പോയി. മദ്യപസംഘം അടുത്തെത്തുകയാണ്. യുവതിയും ബൈക്ക് യാത്രക്കാരനും എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു ട്രക്ക് വരുന്നു. സഹായത്തിനായി യുവതി റോഡിനു നടുവിൽ കയറി ട്രക്ക് നിർത്തിക്കുന്നു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും തങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. സംഭവ സ്ഥലവും ബൈക്കിലെ അക്രമികളെയും കണ്ടതോടെ അപകടമാണെന്ന് മനസ്സിലാക്കി ഇരുവരേയും ട്രക്കിൽ കയറ്റി ഡ്രൈവർ മുന്നോട്ടു കുതിക്കുന്നു. പിന്നെ കണ്ടത് സിനിമകളിലെ അക്രമ രംഗങ്ങളെ കവച്ചു വയ്ക്കുന്ന കാഴ്ചയാണ്. അതിവേഗത്തിൽ പായുന്ന ട്രക്കിനു പിന്നാലെ ആക്രോശിച്ചും ആയുധങ്ങൾ കൊണ്ട് ലോറിയിൽ അടിച്ചും ബൈക്കിൽ പിന്തുടരുന്ന അഞ്ചംഗ സംഘം. 15 കിലോമീറ്റർ നീണ്ട അപകടപ്പാച്ചിലിനൊടുവിൽ പൊലീസ് സംഘത്തിന് മുന്നിലേക്ക്. അതോടെ അക്രമികൾ കടന്നു. പുലർച്ചെ വീടുകളിൽനിന്ന് അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വധശ്രമവും  സ്ത്രീയെ ആക്രമിച്ചതും അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചാര്‍ത്തി അഞ്ചു പേരും റിമാൻഡിൽ. സംഭവം നടന്നത് തിങ്കൾ രാത്രി. സ്ഥലം മൂവാറ്റുപുഴ മുതൽ പിറവം വരെയുള്ള റോഡിൽ. രാമമംഗലം മേഖലയിൽ പട്രോളിങ്ങിലായിരുന്ന പിറവം പൊലീസും ഇതോെട സജ്ജരായി. വേഗത്തിൽ പാഞ്ഞുവരുന്ന ട്രക്ക് പൊലീസ് സംഘം തടഞ്ഞു. ട്രക്ക് നിർത്തിയതോടെ പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കിയ പിറവം പൊലീസ് മൂവാറ്റുപുഴ പൊലീസിന് വിവരം കൈമാറി.  പിന്നാലെ കാറിൽ വന്നവരും തങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. ഈ ദൃശ്യങ്ങളിൽ നിന്ന് ഒരു ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. മൂവാറ്റുപുഴ എസ്എച്ച്ഒ അനിൽ ജോര്‍‍ജിന്റെ നേതൃത്വത്തിൽ ഈസ്റ്റ് മാറാടിയിലെ അഞ്ചു പേരുടെയും വീടുകളിൽ വെളുപ്പിനെ പൊലീസ് എത്തി. അഞ്ചു പേരെയും റിമാൻഡ് ചെയ്തതായി എസ്എച്ച്ഒ വ്യക്തമാക്കി. വധശ്രമം, ഭീഷണിപ്പെടുത്തൽ പിന്തുടർന്ന് ആക്രമിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്നത്. ആ ട്രക്കില്‍ കയറി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ യുവതിയുടെ ജീവൻ തന്നെ അഞ്ചംഗ സംഘം അപകടത്തിലാക്കുമായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


Source link

Back to top button