NEWS

‘രക്ഷാപ്രവർത്തനം’; പിണറായിയുടെ സുരക്ഷാ സംഘത്തിന് മുൻകൂർ ‍ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ


കൊച്ചി∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിന് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പ്രതികളിൽ 3 പേർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണ്ണമായി അവഗണിച്ചുകൊണ്ട് തികച്ചും അപ്രസക്തമായ കാര്യങ്ങളെ മുൻനിർത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് അപ്പീലിൽ പറയുന്നു. പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളായിരുന്ന വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവർക്ക് ആലപ്പുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയാണ് അപ്പീല്‍. ഇവരെ കൂടാതെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ, സുരക്ഷാ സംഘത്തിലെ എസ്.സന്ദീപ് എന്നിവർക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ലഭ്യമായ തെളിവുകൾക്ക് വിരുദ്ധവും തെറ്റായ വിവരങ്ങൾ മുൻനിർത്തിയുള്ളതുമാണ് സെഷന്‍സ് കോടതിയുടെ കണ്ടെത്തലുകൾ എന്ന് അപ്പീലിൽ പറയുന്നു. ഗൺമാനും അകമ്പടി സേനയും മർദിക്കാനായി ഉപയോഗിച്ച സാധനങ്ങൾ ഇതിനകം തന്നെ സറണ്ടർ ചെയ്തു എന്ന തെറ്റായ ധാരണയുടെ പുറത്താണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ നിരീക്ഷണം നിലവിൽ നടക്കുന്ന അന്വേഷണത്തെ ദോഷകരമായി ബാധിക്കും. അതിനാൽ, പ്രത്യേക അന്വേഷണ സംഘത്തിന് കൃത്യമായും നിഷ്പക്ഷമായും അന്വേഷണം നടത്താൻ അവസരമൊരുക്കണം. ഇതിനായി സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലിൽ പറയുന്നു.


Source link

Back to top button