NEWS

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന് ബ്ലോക്ക്, എഡിറ്റ് ബട്ടനും ഓഫ്; കടുത്ത നിയന്ത്രണവുമായി കേന്ദ്രം


ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാരിന്റെ കടുത്ത നടപടി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു.  21 നാണ് പുനഃപരീക്ഷ. 22 വരെയാണ് താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്. ഇതിനോടകം പോസ്‌റ്റ് ചെയ്ത മെസേജുകൾ എഡിറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണിത്. ചോദ്യപേപ്പർ ചോർച്ച റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻടിഎയുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ടെലികോം മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജൂൺ 21 ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ ലക്ഷ്യംവച്ച് ടെലിഗ്രാം ചാനലുകൾ വഴി വ്യാജ ചോദ്യപേപ്പർ വിൽക്കുന്ന റാക്കറ്റുകൾ സജീവമാണെന്ന് എൻടിഎ കണ്ടെത്തിയിട്ടുണ്ട്. ചില ചാനലുകൾ പരീക്ഷാ ചോദ്യപേപ്പർ ലഭ്യമാക്കാമെന്നു പരസ്യം ചെയ്ത് ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഫീസ് ഈടാക്കുന്നുണ്ടെന്നും എൻടിഎ പറയുന്നു. ഇതെല്ലാം തട്ടിപ്പാണെന്ന് ഏജൻസി വ്യക്തമാക്കി. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതാണു പ്രധാന പ്രശ്നമെന്നാണ് എൻടിഎയുടെ വാദം. പഴയ മെസേജുകൾ പരീക്ഷയ്ക്കുശേഷം എഡിറ്റ് ചെയ്ത് യഥാർഥ ടൈംസ്റ്റാംപ് നിലനിർത്തി വ്യാജ ‘പേപ്പർ ലീക്ക്’ തെളിവുകൾ ഉണ്ടാക്കുന്ന രീതി വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു തടയാനാണ് എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുന്നത്.


Source link

Back to top button