NEWS
ഓപ്പറേഷൻ തൂഫാൻ തുടരുമ്പോഴും പയറ്റുന്നത് പുതിയ ‘ട്രിക്കുകൾ’; വിദ്യാർഥികളും വലയിൽ

തിരുവനന്തപുരം ∙ കുഞ്ഞുങ്ങളെയും വയോധികരെയും വരെ മറയാക്കി ലഹരി കടത്തുന്ന സംഘങ്ങൾ തലസ്ഥാന ജില്ലയിൽ സജീവമെന്ന് എക്സൈസ് ഇന്റലിജൻസ്. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് കഞ്ചാവും രാസലഹരിയും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണ ശൃംഖല ഒരുക്കുന്ന സംഘങ്ങൾ കൂടുതലാണെന്നും റിപ്പോർട്ട്. ഫെബ്രുവരിയിൽ വെങ്ങാനൂരിൽ 21.5 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തോടൊപ്പം 3 കുട്ടികളും ഉണ്ടായിരുന്നത് ലഹരി മാഫിയയുടെ പുതിയ തന്ത്രം വ്യക്തമാക്കുന്നതായിരുന്നു. വാഹനത്തിൽ കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ പരിശോധന ഒഴിവാകുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രധാന ഉറവിടം ഒഡീഷ തലസ്ഥാനത്തേക്ക് എത്തുന്ന കഞ്ചാവിന്റെ പ്രധാന ഉറവിടങ്ങളിലൊന്നായി ഒഡീഷ മാറിയതായി എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോരാപുട്ട് സ്വദേശിയായ പ്രധാന കണ്ണിയെ വിഴിഞ്ഞം പൊലീസ് ഒഡീഷയിൽ എത്തി പിടികൂടിയതും ഇതിന്റെ ഭാഗമായിരുന്നു. ഒഡീഷയിൽ കൃഷി ചെയ്യുന്ന കഞ്ചാവ് പലവഴികളിലൂടെ കേരളത്തിലെത്തുന്നതെന്നാണ് എക്സൈസ് നിഗമനം.റെയിൽവേ സ്റ്റേഷന് പ്രധാന വഴി കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ ലഹരികടത്തിന്റെ പ്രധാന വഴികളിലൊന്നായി മാറിയെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. മുൻപ് നൂറുകണക്കിന് കിലോ കഞ്ചാവ് ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതിഥിത്തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ചും കഞ്ചാവും പുകയില ഉൽപന്നങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ പ്രത്യേക പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
Source link


