NEWS

പൊലീസ് തിരച്ചിൽ നടത്തവേ പുതിയ പരാതി; കള്ളൻ 12 മുട്ട ഓംലറ്റടിച്ചു, 3000 രൂപയും കവർന്നു


ചെങ്ങന്നൂർ ∙ ചെറിയനാട്ട് മാമ്പള്ളിപ്പടിയിലെ ചായക്കടയിൽ കയറിയ മോഷ്ടാക്കൾ ഓംലറ്റുണ്ടാക്കി കഴിച്ച ശേഷം പണം കവർന്നു കടന്നു. ബുധൻ രാത്രി ചെറിയനാട് അത്തിമൺചേരിയിൽ 5 വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻമാർക്കായി പൊലീസ് തിരച്ചിൽ നടത്തവേയാണ് പുതിയ പരാതി. ബുധൻ രാത്രി 12നു ശേഷമാണ് കടയിക്കാട് കല്ലുപറമ്പിൽ കെ.ബി.സത്യന്റെ ചായക്കടയിലും മോഷണം നടന്നത്. 3000 രൂപ കവർന്നു. കടയിലുണ്ടായിരുന്ന 12 മുട്ടകൾ കൊണ്ട് ഓംലറ്റുണ്ടാക്കി കഴിച്ചാണ് കള്ളന്മാർ മടങ്ങിയത്. ഒരേസംഘം തന്നെയാണ് വീടുകളിലും ചായക്കടയിലും കയറിയതെന്നു പൊലീസ് സംശയിക്കുന്നു. അതേസമയം അത്തിമൺചേരിയിൽ നിന്നു മോഷ്ടിച്ച ബൈക്ക് കണ്ടെത്തിയതായി വിവരമുണ്ട്. മറ്റു 2 വീടുകളിൽ നിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, കുട, മഴക്കോട്ട് എന്നിവയും കവർന്നിരുന്നു.


Source link

Back to top button