മാസപ്പടിക്കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിന് അടുത്ത ബുധനാഴ്ച ഹാജരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. വീണയുടെ എക്സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ കമ്പനി 2.78 കോടി രൂപ നൽകിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം.
ജൂൺ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണയ്ക്ക് നേരത്തെ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയ്ക്ക് കത്തയയ്ക്കുകയായിരുന്നു. അന്ന് വീണയ്ക്കൊപ്പം കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി മേധാവികളുമുൾപ്പെടെ ഒമ്പതു പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു.
വീണ താമസിക്കുന്ന, പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് സമൻസെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചിരുന്നു. കേസിൽ ആദ്യമായാണ് വീണയെ ഇ.ഡി ചോദ്യം ചെയ്യാൻ പോകുന്നത്. പ്രതിഫലം സ്വീകരിച്ചത് എന്ത് സേവനത്തിനാണെന്നതാകും പ്രധാന ചോദ്യം. ചോദ്യം ചെയ്യൽ സംബന്ധിച്ച് വീണാ വിജയനും സി.എം.ആർ.എല്ലുമെടുക്കുന്ന നിലപാട് നിർണായകമാകും. എക്സാലോജിക് ഇടപാടിലെ അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സി.എം.ആർ.എല്ലിന് കഴിയും. ഇ.ഡിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്താൽ ചോദ്യം ചെയ്യൽ താത്കാലികമായി ഒഴിവാക്കാനാവും.
Source link
NEWS


