NEWS

‘സ്നേക്ക് ഹൗസ്’:​ പൂങ്കുന്നത്തെ വീട്ടിൽ വീണ്ടും മലമ്പാമ്പിൻ കുഞ്ഞുങ്ങൾ, തറയോടിളക്കിയും മതിൽ പൊളിച്ചും പരിശോധന

തൃശൂർ: പൂങ്കുന്നത്ത് വീട്ടിൽ നിന്നും വീണ്ടും മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചത്. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ‘ശ്രീകൃഷ്ണ നിലയ’ത്തിൽ കാർത്തിക്കിന്റെ വീട്ടിൽ നിന്നാണ് മൂന്ന് ദിവസത്തിനുള്ളിൽ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ വീടിന് മുന്നിലെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് കാർത്തികന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഈ തോട്ടിൽ നിന്നെത്തിയ തള്ള പാമ്പ് വീടിന് സമീപം മുട്ടയിട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. സമാന വലിപ്പമുള്ളതും ഒരേ പ്രായത്തിലുള്ളതുമായ പാമ്പിൻ കുഞ്ഞുങ്ങളെയാണ് ഇതുവരെ കിട്ടിയത്. ഇനിയും ഈ ഭാഗത്ത് പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പരിശോധന ആരംഭിച്ചത്. ഭയം കാരണം രാത്രിയിൽ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നിരന്തരം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുന്ന സാഹചര്യത്തെ തുടർന്നാണ് വീടിന് മുന്നിലെ മതിലും തറയോടും ഉൾപ്പെടെ പൊളിച്ച് പരിശോധിക്കാൻ വീട്ടുകാരും വനം വകുപ്പും തയ്യാറായത്.

തറയോടുകൾ പൊളിച്ചു തുടങ്ങിയപ്പോൾ നിരവധി പൊത്തുകൾ കണ്ടെത്തിയതിനെ തുട‌ർന്ന് ബാക്കിഭാഗവും പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് വീടിന്റെ മുറ്റത്തെ തറയോടും അടിവശവും ഇളക്കിമറിച്ചാണ് പരിശോധിക്കുന്നത്. രാത്രി നേരങ്ങളിലാണ് പാമ്പ് പുറത്തിറങ്ങുന്നതെന്നും അടുത്തെത്തുമ്പോൾ ഉള്ളിലേക്ക് പോകുമെന്നുമാണ് വീട്ടുകാ‌ർ പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ കാർത്തികിന്റെ സഹോദരനാണ് തോടിനോട് ചേർന്നുള്ള വീടിന്റെ പരിസരത്ത് ആദ്യം രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. എന്നാൽ ആദ്യ ഘട്ടത്തിൽ വീട്ടുകാർ ഇത് വലിയ കാര്യമായി എടുത്തില്ല. എന്നാൽ വൈകുന്നേരമായതോടെ വീട്ടുമുറ്റത്ത് പല ഭാഗങ്ങളിലായി പാമ്പിൻ കുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തുകയായിരുന്നു. 50 സെന്റിമീറ്ററോളം നീളമുള്ള പാമ്പിൻ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും പിടികൂടിയത്.

പൂങ്കുന്നം പരിസരങ്ങളിൽ പാമ്പ് ശല്യം ഇതാദ്യമല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂങ്കുന്നം രാം നഗറിലുള്ള രാംദാസ് എന്നയാളുടെ വീടിന്റെ ഗേറ്റിൽ നിന്നും വലിയൊരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ മറ്റൊരുവീട്ടിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു മലമ്പാമ്പിനെ പിടികൂടിയിരുന്നതായും നാട്ടുകാർ പറഞ്ഞു.


Source link
NEWS

Back to top button