LIFESTYLE

വാടക മാസം ഒരുലക്ഷത്തിനടുത്ത്; പക്ഷേ അത്യാവശ്യത്തിന് കുടിവെള്ളം പോലും കിട്ടുന്നില്ല: ദുരവസ്ഥ പങ്കുവച്ച് യുവാവ്


ഇന്ത്യൻ നഗരങ്ങളിലുടനീളം ചർച്ചയാകുന്ന ഒരു വിഷയം കുതിച്ചുയരുന്ന വാടക നിരക്കുകളും അപര്യാപ്തമായ താമസസൗകര്യങ്ങളുമാണ്. ശമ്പളത്തിന്റെ മുക്കാൽ പങ്കും വാടകയ്ക്ക് മാത്രം നീക്കിവച്ച് സാമ്പത്തികമായി ഞെരുങ്ങി ജീവിക്കേണ്ടി വരുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്. എന്നാൽ വൻതുക വാടക കൊടുക്കാൻ തയാറായാലും അസൗകര്യങ്ങൾ മാത്രമായിരിക്കും ബാക്കി എന്ന് അനുഭവങ്ങളിലൂടെ വിവരിക്കുന്നവരാണ് ഏറെയും. അത്തരത്തിൽ മുംബൈയിലെ വാടകവീട്ടിൽ താൻ നേരിടുന്ന ബുദ്ധിമുട്ട് വെളിപ്പെടുത്തി നിഖിൽ എന്ന യുവാവ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഒരുലക്ഷത്തിനടുത്ത് വാടക കൊടുക്കുന്ന വീട്ടിൽ താൻ നേരിടുന്ന പ്രശ്നം ജലക്ഷാമമാണെന്ന് പറയുകയാണ് നിഖിൽ.മുംബൈയിലെ ഒരു മുൻനിര ഹൗസിങ് സൊസൈറ്റിയിൽ 90000 രൂപ വാടക നൽകിയാണ് നിഖിലിന്റെ താമസം. എന്നാൽ സൊസൈറ്റിയിലെ എല്ലാ താമസക്കാരും കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. ഒരു പ്രീമിയം റസിഡൻഷ്യൽ കോംപ്ലക്സായിട്ട് കൂടി ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വരുന്നതിന്റെ അമർഷമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. നിഖിൽ ജീവിക്കുന്ന ഹൗസിങ് സൊസൈറ്റിയിൽ 70000 രൂപ മുതൽ മുകളിലേക്കാണ് വാടക. ഇത്രയൊക്കെ നൽകിയിട്ടും വെള്ളത്തിന്റെ കാര്യത്തിൽ പരിഹാരമില്ല.ജലദൗർലഭ്യം പരിഹരിക്കാൻ ഹൗസിങ് സൊസൈറ്റി വാട്ടർ ടാങ്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 37 നിലകളും രണ്ട് ടവറുകളുമുള്ള സൊസൈറ്റിയിലെ താമസക്കാർക്ക് മുഴുവൻ വെള്ളം എത്തിക്കാൻ ഇത് പര്യാപ്തമല്ല. ഇത്രയധികം ആളുകൾക്ക് വേണ്ടി എത്ര ടാങ്ക് വെള്ളം ഒരു ഹൗസിങ് സൊസൈറ്റിക്ക് എത്തിക്കാനാവുമെന്നും നിഖിൽ ചോദിക്കുന്നുണ്ട്. സൗകര്യപ്രദമായ ജീവിതം ഓർത്ത് കൊക്കിൽ ഒതുങ്ങാത്ത തുക വാടക നൽകിയിട്ടും അടിസ്ഥാന ആവശ്യത്തിനുള്ള വെള്ളം പോലും അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കേണ്ട വരുന്ന ദുരവസ്ഥയാണ് നേരിടുന്നതെന്ന് നിഖിൽ പറയുന്നു.രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെള്ളത്തിന് ഏറ്റവും കൂടുതൽ ഉപയോഗമുള്ള സമയങ്ങളിലാണ് വിതരണത്തിന് തടസ്സം നേരിടുന്നത്. ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സമയമാകുമ്പോൾ വെള്ളം കാണില്ല. രാത്രി അത്യാവശ്യഘട്ടത്തിൽ വാഷ് റൂം ഉപയോഗിക്കണമെങ്കിലും വെള്ളം ലഭിക്കാത്തതു തന്നെയാണ് പ്രശ്നം. ഒരു പ്രീമിയം അപ്പാർട്മെന്റിൽ ഇത്തരം സാഹചര്യം നേരിടേണ്ടി വരുന്നത് പരിഹാസ്യമാണെന്നും നിഖിൽ വിഡിയോയിൽ പറയുന്നു.സമാനമായ രീതിയിൽ ജല ദൗർലഭ്യം നേരിടുന്ന നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. മുംബൈയിൽ താമസിക്കുന്നവർക്ക് ജലക്ഷാമം ചില മാസങ്ങളിൽ തീരാദുരിതമാണെന്ന് ഭൂരിഭാഗം ആളുകളും ശരി വയ്ക്കുന്നു. വൻതുക മുടക്കി ഏറ്റവും വലിയ നഗരങ്ങളിൽ ചെറിയ സൗകര്യങ്ങൾ തേടി പോകുന്നതിനു പകരം ടയർ ടു നഗരങ്ങളിൽ അതേ വാടകയ്ക്ക് ലഭിക്കുന്ന വലിയ വീടുകളിൽ ശുദ്ധവായുവും ശുദ്ധമായ വെള്ളവും ഉപയോഗിച്ച് കഴിയാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ഒരു കമന്റ്. ഇത്തരം സമ്മർദ്ദങ്ങളും ജീവിത ചെലവുകളും അവിടെ കുറവായിരിക്കുമെന്നും കമന്റിൽ പറയുന്നു.


Source link

CINEMA

CINEMA

Back to top button