NEWS

നിപ പിടിപെട്ടത് ഗോഡൗൺ വൃത്തിയാക്കുന്നതിനിടെ; കോഴിക്കോട്ട് ചികിത്സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരം

കോഴിക്കോട്: നിപ രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന്റെ നില അതീവ ഗുരുതരമെന്ന് വിവരം. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ പ്രത്യേക സംഘമാണ് നിരീക്ഷിക്കുന്നത്. ഇയാളുടെ സാമ്പിൾ ഇന്നലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം.

രോഗിയുടെ ബന്ധുക്കളുമായി സംസാരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗി ആദ്യം ചികിത്സ തേടിയ ഡീ അഡിക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിദ്ധ്യത്തിലുണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. രോഗിയുടെ അടുത്ത സമ്പ‌ർക്ക പട്ടികയിലുള്ള അഞ്ചുപേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും കോഴിക്കോട്ട് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേർന്നാകും തുടർനടപടികൾ സ്വീകരിക്കുക.

സോപ്പ് ലായനി ഡീലറായ രോഗി ഇദ്ദേഹത്തിന്റെ കാരാടുള്ള ഗോഡൗൺ മേയ് 24ന് വൃത്തിയാക്കിയിരുന്നു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. നിരവധി വവ്വാലുകൾ ഗോഡൗണിനുള്ളിൽ ഉണ്ടായിരുന്നുവെന്നും അവ പറന്നപ്പോൾ ശക്തമായ പൊടിപടലങ്ങൾ ഉയർന്നുവെന്നും രോഗി പറഞ്ഞിട്ടുണ്ട്.


Source link
NEWS

Back to top button