NEWS

നിപ രോഗിയെ ഐസൊലേഷൻ  വാർഡിലേക്ക്  മാറ്റി; കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

കോഴിക്കോട്: നിപ ബാധിച്ച 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്നലെ അർദ്ധരാത്രിയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വാർഡിന് സമീപം കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യാൻ പാടില്ല. സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനവും പൂർണമായി നിരോധിച്ചിട്ടുണ്ട്. ഈ ബ്ലോക്കിന്റെ പരിസരത്ത് വാഹനം പാർക്ക് ചെയ്യാനും അനുവദിക്കില്ല.

വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഡിസ്‌ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. പേ വാർഡ് മേഖലയിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയും രോഗവ്യാപനവും തടയുന്നതിനാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

ഫറോക്ക് സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. സ്രവം പൂനെ വെെറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

നിപ രോഗബാധിതൻ ക്ളീനിംഗ് തൊഴിലാളിയാണ്. ഇയാൾ ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നു. ആ ഗോഡൗണിൽ വവ്വാലിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായും അവിടെനിന്നാകാം രോഗമുണ്ടായതെന്നുമാണ് കരുതുന്നത്.


Source link
NEWS

Back to top button