CINEMA

‘നടൻ രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം നൽകണം’; കോടതിയെ സമീപിച്ച് ഭാര്യ ആരതി

ചെന്നൈ: നടൻ രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ഭാര്യ ആരതി രവി. മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി നടൻ പണം നൽകുന്നില്ലെന്നാരോപിച്ച് ചെന്നൈ കുടുംബ കോടതിയിലാണ് ആരതി ഹർജി നൽകിയിരിക്കുന്നത്.

കുടുംബ കോടതിയിലെ ഹർജികൾ വൈകുന്നതിനെത്തുടർന്ന് ആരതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ആഴ്‌ചയ്ക്കുള്ളിൽ ജീവനാംശത്തിൽ തീരുമാനമെടുക്കാൻ കുടുംബ കോടതിയോട് നിർദേശിച്ചു. പിന്നാലെ ഈ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് രവി മോഹൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. തീയതി നീട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മുൻപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽതന്നെ കുടുംബ കോടതി വിഷയത്തിൽ തീർപ്പുകൽപ്പിക്കണമെന്നും ഉത്തരവിട്ടു.


പ്രണയിച്ച് വിവാഹിതരായ രവി മോഹനും ഭാര്യ ആരതിയും കുറച്ച് കാലങ്ങളായി അകന്നുകഴിയുകയാണ്. ഇതിനിടെ നടൻ ഗായിക കെനിഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്ന തരത്തിലെ വാർത്തകളും പ്രചരിച്ചു. രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി കെനിഷ രംഗത്തു വന്നതിന് പിന്നാലെ കരഞ്ഞും പൊട്ടിത്തെറിച്ചും നടൻ വാർത്താസമ്മേളനം നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹമോചനം നേടുന്നതുവരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് രവിമോഹൻ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യം തന്റെ വ്യക്തി ജീവിതം ശരിയാക്കുമെന്നും തന്റെ പേര് തിരികെ നേടുമെന്നും അതിനുശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂവെന്നുമാണ് പത്രസമ്മേളനത്തിൽ വികാരധീനനായി നടൻ വ്യക്തമാക്കിയത്.


Source link

Back to top button