‘ഇടിവെട്ട്’ കോളമിസ്റ്റ് ‘സലിംകുമാർ നായകൻ’: അറിയിച്ചതും കേരളകൗമുദി

തിരുവനന്തപുരം: സകലരേയും ഞെട്ടിച്ചു കൊണ്ടാണ് ‘അദാമിന്റെ മകൻ അബു’വിലൂടെ സലിം കുമാർ 2010ലെ ദേശീയ അവാർഡ് നേടിയത്. സ്വീകരണ വേദികളിൽ സലിംകുമാർ പറഞ്ഞു ”ഞാനിപ്പോൾ നടൻ മാത്രമല്ല, ഒരു കോളമിസ്റ്റ് കൂടിയാണ്. കേരളകൗമുദിയിലെ കോളമിസ്റ്റ്”
അക്കാലത്ത് കേരളകൗമുദി വീക്കിലിയിൽ ‘ഇടിവെട്ട് ‘എന്നൊരു പംക്തി സലിം കുമാർ കൈകാര്യം ചെയ്തിരുന്നു. വായനക്കാരുമായി സംവാദവും തമാശയും ചേർന്ന പംക്തി.കുട്ടിക്കാലംമുതൽ ‘കേരളകൗമുദി’ വായിക്കുമായിരുന്ന സലിംകുമാറിന് എഴുത്തും ഹരമായിരുന്നു. രണ്ടര വർഷം ആ പംക്തി തുടർന്നു.
‘പാണ്ടിപ്പട’ ഉൾപ്പെടെയുള്ള കോമഡി ചിത്രങ്ങൾ തകർത്തോടുന്ന കാലം. സലിംകുമാർ പറഞ്ഞു. ‘ഞാനൊരു കാര്യം പറയാം ഞെട്ടരുത്’ . ഞെട്ടിക്കുന്ന കാര്യമാണോ? ”പിന്നെ,ഞെട്ടിക്കും. ഞാൻ നായകനാകാൻ പോകുന്നു. ഞെട്ടിയോ?” ചെറുതായിട്ട്. കോമഡി ചിത്രമാണോ? ”അല്ല ഒന്നാന്തരം സീരിയസ് സബ്ജക്ട്. ചിരിയേ ഇല്ല. കരയിപ്പിക്കണം” ഇപ്പോഴാണ് ശരിക്കും ഞെട്ടിയത്. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്ടി’ൽ കേന്ദ്രകഥാപാത്രമാകുന്നതിനെക്കുറിച്ചാണ് പറയുന്നത്. അടുത്ത വാരാന്ത്യ കൗമുദിയിലൂടെയാണ് ആ ഞെട്ടിക്കൽ വാർത്ത പ്രേക്ഷകർ അറിയുന്നത്. ‘ഞെട്ടും, ഇപ്പോൾ ഞെട്ടും സലിംകുമാർ നായകൻ’ എന്നായിരുന്ന തലക്കെട്ട്.പ്രേക്ഷകർ ശരിക്കും ഞെട്ടിയത് അച്ഛനുറങ്ങാത്ത് വീട്ടിലെ സാമുവലിനെ കണ്ടപ്പോഴായിരുന്നു. ഇങ്ങനേയും മാറാനാകുമോ സലിംകുമാറിന്!
ആ വർഷത്തെ (2006) മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിനായിരുന്നു. സലിംകുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം. ‘മോഹൻലാലിനു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനം കിട്ടിയതു തന്നെ വലിയ നേട്ടം’എന്നായിരുന്നു പ്രതികരണം. 2010ലെ ദേശീയ അവാർഡ് പ്രഖ്യാപനത്തിനു ശേഷമായിരുന്നു ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയം. അവാർഡ് പ്രഖ്യാപനത്തിനു ഒരു ദിവസം മുമ്പ് കേരളകൗമുദിയുടെ ഒന്നാം പേജിൽ ആ വാർത്ത വന്നു ‘സംസ്ഥാന അവാർഡും സലികുമാറിന്’ ”അബുവായി വേഷമിട്ടപ്പോൾ എനിക്ക് വല്ലാത്ത മനോഭാവമായിരുന്നു. മേക്കപ്പ്മാന്റെ മുന്നിൽ മണിക്കൂറുകളോളം ഇരിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ മനോനിലയിലേക്ക് ഞാനെത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോഴൊന്നും ഞാൻ ചിരിച്ചിരുന്നില്ല”- അദാമിന്റെ മകൻ അബുവായി മാറിയതെങ്ങനെയെന്ന് സലിംകുമാർ വിശദീകരിച്ചു. ആ വർഷത്തെ രാജ്യത്തെ ഔദ്യോഗിക ഓസ്കാർ എൻട്രി ലഭിച്ച ചിത്രവും ആദാമിന്റെ മകൻ അബു ആയിരുന്നു.
Source link
NEWS


