NEWS

പിഎസ്‌ജിയുടെ കിരീടനേട്ടം ആഘോഷിക്കാനെത്തിയവർ പരിധിവിട്ടു; ഫ്രാൻസിൽ തെരുവുയുദ്ധം: 219 പേർക്ക് പരുക്ക്


പാരിസ്∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിയുടെ വിജയമാഘോഷിക്കാനെത്തിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ ഫ്രാൻസ് യുദ്ധക്കളം. സംഘർഷത്തിൽ 219 പേർക്ക് പരുക്കേറ്റെന്നും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് പറഞ്ഞു. കലാപം നേരിടാൻ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് തെരുവുകളിൽ വിന്യസിച്ചിട്ടുള്ളത്. കലാപത്തെ തുടർന്ന് പാരിസിൽ ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. സംഭവത്തിൽ 780 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 450ലേറെപ്പേർ കസ്റ്റഡിയിലുണ്ടെന്നും ന്യൂനെസ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആഴ്സനലിനെ തോൽപിച്ച് പിഎസ്ജി ചാംപ്യൻസ് ലീഗ് ട്രോഫി നേടിയത് ആഘോഷിക്കാൻ ഫുട്ബോൾ പ്രേമികൾ പാരിസിൽ ഒത്തുകൂടിയതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. ഇലക്ട്രിക് ബൈക്കുകളിലെത്തിയ യുവാക്കളുടെ സംഘം പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെ ചിലർ കടകളുടെ ചില്ലുകൾ തല്ലിത്തകർത്തു. ഭൂരിഭാഗം പേരും വിജയാഘോഷത്തിനായാണ് വന്നതെന്നും ആഘോഷം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിനിടെ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇവർ പിഎസ്‌ജി ആരാധകരോ ഫുട്ബോൾ കാണുന്നവരോ പോലുമല്ല. ഇത്തരക്കാരാണ് പ്രശ്നമുണ്ടാക്കിയത്. പ്രശ്നക്കാരെ തടയാനാണ് പൊലീസ് ഉള്ളതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button