NEWS

എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം: ഒരാൾ പിടിയിൽ


വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മറ്റ് 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലുന്തറ ആലുവിള വീട്ടില്‍ വിഷ്ണുവിനെയാണ്(24) പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യം  ചെങ്കോട്ടുകോണം സ്വദേശിയും കോളജിലെ രണ്ടാം വര്‍ഷ കംപ്യൂട്ടർ സയന്‍സ് വിദ്യാർഥിയുമായ അല്‍ അമീനാണ്(21) ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടത്.  വെഞ്ഞാറമൂട്ടിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജില്‍ ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. കോളജില്‍ നടന്ന ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകള്‍ എത്തിയിരുന്നു. ഇവര്‍ ബഹളം ഉണ്ടാക്കിയതോടെ അമീന്‍ ഇടപെടുകയും കേസില്‍ പ്രതികളായവര്‍ സംഘം ചേര്‍ന്ന് അമീനെ ഇടിവള കൊണ്ട് കണ്ണലിടിക്കുകയും ഒരു കണ്ണ് തകര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാർഥിയും കോളജ് അധികൃതരും വെഞ്ഞാറമൂട് പൊലീസില്‍ കണ്ടാലറിയാവുന്ന 7 പേര്‍ക്കെതിരെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


Source link

Back to top button