NEWS
എൻജിഒ അസോസിയേഷനിൽ തർക്കം രൂക്ഷം: അധികാരക്കൈമാറ്റം നടപ്പായില്ല; ചവറ ജയകുമാർ പക്ഷം രാജിക്ക്

തിരുവനന്തപുരം ∙ എൻജിഒ അസോസിയേഷനിലെ അധികാരക്കൈമാറ്റത്തിനുള്ള തീരുമാനം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് മുൻ പ്രസിഡന്റ് ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം കൂട്ടരാജിക്ക്. അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഇന്നലെ ആരംഭിച്ചതിനു പിന്നാലെയാണു നീക്കം. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത ശേഷമാണു ജയകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും രാജിവയ്ക്കുമെന്ന് കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിനെയും അസോസിയേഷന്റെ ചുമതലയുള്ള മണക്കാട് സുരേഷിനെയും അറിയിച്ചത്.തിടുക്കപ്പെട്ടു തീരുമാനമെടുക്കരുതെന്നും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം അറിയിക്കാമെന്നുമാണ് ഇരു നേതാക്കളും നൽകിയിരിക്കുന്ന മറുപടി. ജയകുമാർ പ്രസിഡന്റായിരിക്കെയാണ്, വിരമിക്കാൻ ഒരു വർഷം ശേഷിക്കുന്ന തനിക്ക് ആ സ്ഥാനം വേണമെന്ന ആവശ്യം എ.എം.ജാഫർഖാൻ ഉന്നയിക്കുന്നത്. ഒരു വർഷം മുൻപു നടന്ന നീക്കത്തിൽ വി.ഡി.സതീശനും ജാഫർഖാനെ പിന്തുണച്ചു. തുടർന്നു ജാഫർഖാനെ അസോസിയേഷൻ പ്രസിഡന്റായി ഒരു വർഷത്തേക്കു നിയമിച്ചു. അദ്ദേഹം വിരമിക്കുന്ന മുറയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്കു ജയകുമാർ തിരികെ എത്തുമെന്നായിരുന്നു ധാരണ.
Source link


