NEWS
മീനാക്ഷി ഇടപ്പള്ളി ജിഎച്ച്എസ്എസിൽ ഇഷ്ടവിഷയം പഠിക്കും; റാംപ് നിർമിക്കാൻ 3 ലക്ഷം, ഇടപെട്ട് മുഖ്യമന്ത്രി

കൊച്ചി∙ ശാരീരിക പരിമിതികളെ തുടർന്ന് ഇഷ്ട വിഷയം പഠിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി മീനാക്ഷിക്ക് ആശ്വാസമായി സർക്കാരും വിദ്യാഭ്യാസ വകുപ്പും. മീനാക്ഷിക്ക് ഇടപ്പള്ളി ജിഎച്ച്എസ്എസിൽ പഠിക്കാൻ സൗകര്യമൊരുക്കും. ഇവിടെ റാംപ് നിർമിക്കുന്നതിനായി 3 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച ദീപക് ജോയ് എംഎൽഎയ്ക്ക് മന്ത്രി ഉറപ്പ് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ട് സംസാരിച്ചാണ് ധനസഹായം ഉറപ്പാക്കിയത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കഴിഞ്ഞ ദിവസം മീനാക്ഷിയെ ഫോണിൽ വിളിച്ചിരുന്നു. മീനാക്ഷിക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനാവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ ദീപക് ജോയ് എംഎൽഎയെ ചുമതലപ്പെടുത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എ.ശങ്കരനാരായണനുമായി ദീപക് ജോയ് സംസാരിച്ചതിനെ തുടർന്നാണ് റാംപ് നിർമിക്കാൻ തീരുമാനമായത്. ഒരു ലക്ഷം രൂപ ഇതിനായി പിടിഎ നൽകും. കംപ്യൂട്ടർ സയൻസ് കോഴ്സാണ് മീനാക്ഷി എടുത്തിട്ടുള്ളത്. ഗണിത ലാബ് ഒഴികെയുള്ളവ താഴത്തെ നിലയിലാണ്. മീനാക്ഷിക്ക് ഗണിതത്തിന്റെ പ്രാക്ടിക്കൽ ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായും ദീപക് ജോയ് പറഞ്ഞു.
Source link


