NEWS
‘കിഫ്ബിയെപ്പറ്റി വല്ലാത്തൊരു മൗനം, പ്രധാന പദ്ധതികളെപ്പറ്റി പരാമർശം പോലുമില്ല; ധവളപത്രം വരട്ടെ’

തിരുവനന്തപുരം ∙ സംസ്ഥാനത്തിന് അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതിൽ നയപ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള വികസനത്തിന്റെ ബ്ലൂ പ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചതാണ്. അത് എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റി ഒരു സൂചന പോലുമില്ല. ഒട്ടേറെ പ്രധാന പദ്ധതികളെപ്പറ്റി പരാമർശം പോലുമില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പു വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. ആ ഭാഗം മറച്ചുവച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നയപ്രഖ്യാപനത്തിൽ കാണുന്നത്. യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടി. നാട്ടിലെ ജനങ്ങളുടെ ജീവിതത്തിന് സഹായകമായ ആശ്വാസ നടപടികൾ തകർക്കുന്നതിന് ഈ സമീപനം ഇടയാക്കുമെന്ന ആശങ്കയുണ്ട്. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന നിലയാണ് സർക്കാരിന്റെ പൊതുസമീപനമെന്നും പിണറായി വിജയൻ പറഞ്ഞു.കേന്ദ്രസർക്കാരുമായി നല്ല ബന്ധം സംസ്ഥാനം ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ നമ്മുടെ അനുഭവം നേരെ മറിച്ചാണ്. ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്ര സർക്കാരിന്റേത്. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. ആദ്യത്തെ രണ്ട് ഈരടികളാണ് നിയമസഭയിൽ ചൊല്ലിയത്. അത് ചൊല്ലുമ്പോൾ ദേശീയഗാനത്തെ പോലെ എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ല. പൊതുസമീപനത്തിൽ നിന്ന് വ്യത്യസ്തത വേണ്ടെന്ന് കരുതിയാണ് ഞങ്ങളും എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Source link

