NEWS
കൈകളിൽ ചതവുകൾ, യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ; ആരോഗ്യ പരിശോധന പൂർത്തിയാക്കി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ തന്റെ വാർഷിക ആരോഗ്യപരിശോധന വിജയകരമായി പൂർത്തിയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൺപതാം വയസ്സിലേക്ക് അടുക്കുന്ന ട്രംപിന്റെ ശാരീരികക്ഷമതയെക്കുറിച്ച് രാജ്യാന്തര തലത്തിൽ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷം അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ട്രംപിന്റെ ആരോഗ്യം സൂക്ഷ്മ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം വീണ്ടും അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ മൂന്നാമത്തെ ആരോഗ്യ പരിശോധനയാണിത്. കൈകളിലെ ചതവുകൾ, ഔദ്യോഗിക യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ തുടങ്ങിയവയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് വാഷിങ്ടനിലെ വാൾട്ടർ റീഡ് മിലിറ്ററി ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. എല്ലാം കൃത്യമായി പരിശോധിച്ചെന്ന് ആശുപത്രിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Source link


