NEWS
ഭാര്യയെ മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; ലേലം ചെയ്തത് 50,000 രൂപയ്ക്ക്, കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിനു വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. കാണാതായ സ്ത്രീയെ കണ്ടെത്താൻ നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും കാണാപുറങ്ങളിലേക്ക് വഴിതുറന്നത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ക്രൂരതയുടെ സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം ചെയ്തത്. മേയ് 19നാണ് നികേഷ് പട്ടേൽ തന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് കാണിച്ച് പാലൻപൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പൊലീസിന്റെ സംശയത്തിൽ നിന്ന് രക്ഷപ്പെടാനും അന്വേഷണം വഴിതിരിച്ചുവിടാനുമായിരുന്നു സങ്കടത്തിലായ ഭർത്താവെന്ന രീതിയിലുള്ള ഇയാളുടെ നാടകം. ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ജിഗ്നേഷ് ഗാമിത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസ് അന്വേഷിച്ച പൊലീസ്, നികേഷിന്റെ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
Source link


