100 ശതമാനം എഥനോളിൽ ഓടുന്ന ഫ്‌ളെക്‌സ് ഫ്യുവൽ കാർ മാരുതി പുറത്തിറക്കും, പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഫ്‌ളെക്‌സ് ഫ്യുവൽ പാസഞ്ചർ വാഹനങ്ങൾ മാരുതി സുസുകി ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് കഴിഞ്ഞദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഈ വാഹനം പുറത്തിറക്കും. ഇ100 ഫ്യുവൽ അഥവാ 100 ശതമാനം എഥനോളിൽ ഓടുന്ന കാറാകും ഇത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ടൊയോട്ട ഹൈക്രോസ് ഇന്നോവ ഇ-100 ഇനത്തിൽ പെട്ട കാറുകളാണ് ആദ്യമായി പുറത്തിറക്കിയ ഫ്‌ളെക്‌സ് ഫ്യുവൽ കാർ. ടാറ്റയുടെ ഫ്‌ളെക്‌സ് ഫ്യുവൽ കാർ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകും എന്നാണ് കരുതുന്നത്. പഞ്ച് ആകും ടാറ്റയുടെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ കാർ. ഇതിനിടെയാണ് മാരുതി ജൂൺ അഞ്ചിന് കാർ പുറത്തിറക്കുന്നത്. എന്നാൽ ഇക്കാര്യം മാരുതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വിവിധ മോട്ടോർ ഷോകളിൽ മുൻപ് വാഗൺ ആറിന്റെയും ഫ്രോങ്ക്‌സിന്റെയും ഫ്‌ളെക്‌സ് ഫ്യുവൽ പ്രോട്ടോ ടൈപ്പുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
‘ഫ്‌ളെക്‌സ് ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ ഭാവിയിൽ ധാരാളമായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ മാരുതി 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾ അവതരിപ്പിക്കാൻ പോകുകയാണ്.’ നാഗ്‌പൂരിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു. രാജ്യത്തേക്ക് ഫോസിൽ ഇന്ധനങ്ങൾ 87 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും ഇതിന്റെ ഉപയോഗം കുറയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് 2024 ഭാരത് മൊബിലിറ്റി ഗ്ളോബൽ എക്‌സ്‌പോയിൽ മാതൃകകളായി മാരുതി അവതരിപ്പിച്ച വാഗൺ ആറോ ഫ്രോങ്ക്‌സോ തന്നെയാകും ഫ്‌ളെക്‌സ് ഫ്യുവലായി എത്തുക എന്നതാണ് വിവരം. ഏത് മോഡലാണെന്ന് വിവരമൊന്നും പുറത്തുവന്നിട്ടില്ല. ഉയർന്ന എഥനോൾ സാന്ദ്രത താങ്ങാനായി നവീകരിച്ച ഇന്ധന ലൈനുകൾ, ഇൻജക്‌ടറുകൾ, എഞ്ചിൻ കാലിബറേറ്റർ എന്നിവയൊക്കെ പുതിയ വാഹനത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40,000 മുതൽ 50,000 രൂപവരെ എഥനോൾ മോഡലുകൾക്ക് വിലയേറിയേക്കാം. തങ്ങൾക്ക് ഈ സാങ്കേതികവിദ്യ മുൻപേയുണ്ടെന്ന് നേരത്തെ മാരുതി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കാനും തദ്ദേശീയമായി വികസിപ്പിച്ച ബദൽമാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ 100 ശതമാനം എഥനോൾ വാഹനങ്ങളുടെ നിർമ്മാണത്തെ പിന്തുണയ്‌ക്കുന്നത്.
Source link


