NEWS
സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ അപാകത: പരാതിപ്പെട്ട വിദ്യാർഥിയെ ആക്ഷേപിച്ചു

ന്യൂഡൽഹി ∙ സിബിഎസ്ഇ 12–ാം ക്ലാസ് ബോർഡ് പരീക്ഷ പുനർമൂല്യനിർണയ പോർട്ടലിന്റെ അപാകതയ്ക്കെതിരെ പരാതിപ്പെട്ട ഡൽഹി വിദ്യാർഥി വേദാന്തിനു ദൂരദർശൻ അവതാരകന്റെ രൂക്ഷവിമർശനം. വിദ്യാർഥിയുടെ കുടുംബം രംഗത്തെത്തിയതോടെ അവതാരകൻ അശോക് ശ്രീവാസ്തവ് മാപ്പു പറഞ്ഞു. കഴിഞ്ഞ 19ന് പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാനടപടി തുടങ്ങി 7 ദിവസം പിന്നിട്ടിട്ടും പോർട്ടൽ കൃത്യമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. ഏറെ പ്രയാസപ്പെട്ട് അപേക്ഷ നൽകിയെങ്കിലും വേദാന്തിന് ഫിസിക്സ് ഉത്തരക്കടലാസിനു പകരം കിട്ടിയത് മറ്റൊന്നാണ്.ഇക്കാര്യം വിവരിച്ച് സമൂഹമാധ്യമത്തിൽ വേദാന്ത് പോസ്റ്റിട്ടിരുന്നു. തുടർന്നാണ് അശോക് ശ്രീവാസ്തവ് വേദാന്തിനെ പാക്കിസ്ഥാനി എന്നു വിളിച്ചത്. പിന്നീട് സിബിഎസ്ഇ വേദാന്തിന്റെ ഫിസിക്സ് ഉത്തരക്കടലാസ് മെയിലിൽ അയച്ചുനൽകി. പുനർമൂല്യനിർണയ പോർട്ടലിലെ സാങ്കേതിക തകരാർമൂലം പണം നഷ്ടപ്പെട്ടവർക്ക് തിരികെ നൽകുന്നതിനുള്ള നടപടി വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങി. മാർക്ക് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഇന്ന് മുതൽ 29ന് രാത്രി 11.59 വരെ അപേക്ഷിക്കാം. മാർക്ക് പരിശോധിക്കുന്നതിന് 100 രൂപയും തിരുത്തുന്നതിന് ഒരു ചോദ്യത്തിന് 25 രൂപയും നൽകണം. മുൻപ് ഇത് യഥാക്രമം 500, 100 രൂപയായിരുന്നു.
Source link


