NEWS

‘കേസ് വലിച്ചു നീട്ടാൻ ശ്രമിച്ചു; റിമാൻഡ് പ്രതീക്ഷിച്ചില്ല, ഷുഹൈബ് കേസിൽ കോടതി നിർണായക തീരുമാനമെടുത്തു’


കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാനുള്ള കോടതിയുെട അപ്രതീക്ഷിത ഉത്തരവിൽ ഞെട്ടി പ്രതിഭാഗം. നിലവിലെ കോടതിയിൽ നിന്ന് വിചാരണ മാറ്റുന്നതിനായുള്ള നീക്കം നടത്തുന്നതിനിടെയാണു പ്രതികളായ 17 പേരെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പ്രതികളെ സംരക്ഷിക്കുന്നതിന് പലവിധ സഹായവും എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. വർഷങ്ങളോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിചാരണ തുടങ്ങിയത്. വിചാരണ സമയത്തും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ നീക്കത്തിനാണ് കോടതി തടയിട്ടത്. വിചാരണ സമയത്ത് 17 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. വിചാരണയ്ക്ക് ഹാജരാകാതെ വരുന്ന ഘട്ടങ്ങളിലാണ് പ്രതികളെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടാറ്. എന്നാൽ വിചാരണ സുഗമമായി പൂർത്തിയാക്കുന്നതിന് പ്രതികളെ റിമാൻഡ് ചെയ്യാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്ന് നിയമ വിദഗ്ധർ പറഞ്ഞു. കോടതി വിധി സ്വാഗതാർഹമാണെന്ന് കേസിൽ ആദ്യഘട്ടത്തിൽ കോടതിയിൽ ഹാജരായ വാദിഭാഗം അഭിഭാഷകനായ ടി.എ. ജസ്റ്റിൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ കെ. പത്മനാഭനൊപ്പമാണ് ജസ്റ്റിൻ പ്രവർത്തിക്കുന്നത്. സുഗമമായും സമയബന്ധിതമായും കേസ് നടത്തുന്നതിനാണ് പ്രതികളെ റിമാൻഡ് ചെയ്തതെന്നും ജസ്റ്റിൻ പറഞ്ഞു. ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗം അഭിഭാഷകർ തയാറായില്ല. വിസ്താരം മാറ്റിക്കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം വിചാരണ കോടതിയിൽ ഹർജി നൽകി. എന്നാൽ കോടതി അത് അനുവദിച്ചില്ല. പ്രിൻസിപ്പൽ ജില്ലാ കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. സാക്ഷികളെ വിസ്താരം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. ചോദ്യോത്തര രീതിയിൽ വേണം സാക്ഷി വിസ്താരം എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ അങ്ങനെ വേണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. സാക്ഷികൾക്ക് കണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ അവരുടെ രീതിയിൽ കോടതിയിൽ പറയാം. കേസ് നീട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് സാക്ഷികളുടെ വിസ്താരം കഴിഞ്ഞപ്പോൾ തന്നെ പ്രതികൾക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പായി. ക്രോസ് വിസ്താരം ചെയ്യാതെ വന്നതോടെ കോടതിയുടെ പ്രവർത്തനം സുഗമമായി നടക്കില്ലെന്ന് തോന്നിയതിനാലാകാം റിമാൻഡ് ചെയ്യാൻ തീരുമാനിച്ചത്. പ്രതികൾക്ക് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ജൂലൈ 10 വരെ തുടർച്ചയായി കേസ് വാദം കേൾക്കാനാണ് ഉത്തരവ്. കേസ് എത്രയും പെട്ടന്ന് തീർക്കണമെന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുണ്ടെന്നും ജസ്റ്റിൻ പറഞ്ഞു.


Source link

Back to top button