NEWS

‘അതൊക്കെ വ്യാജം’: പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചർച്ചകളെന്ന രീതിയിൽ വരുന്ന വിവരങ്ങൾ നിഷേധിച്ച് നേതൃത്വം


കണ്ണൂർ∙ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചർച്ചകളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ നിഷേധിച്ച് നേതൃത്വം. ഏരിയ കമ്മിറ്റി യോഗത്തിലുണ്ടായ ചർച്ചകൾ എന്ന പേരിൽ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ഏരിയ സെക്രട്ടറി പി. സന്തോഷ് പ്രസ്താവനയിലൂടെ അറിയിച്ചു. പയ്യന്നൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ കഴിഞ്ഞ കുറെ വർഷങ്ങളായി വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. സ്വയം വിമർശനപരമായ പരിശോധനകളാണ് സിപിഎമ്മിന്റെ സംഘടനാ ഘടകങ്ങളിലെ ചർച്ചകളുടെ കാതൽ. പാർട്ടിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ പറയുന്നു.നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ പയ്യന്നൂരിൽ പാർട്ടിയുണ്ടാകില്ലെന്ന് യോഗത്തിൽ അംഗങ്ങൾ മുന്നറിയിപ്പ് നൽകിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഏരിയ കമ്മിറ്റിയിലെ ഫണ്ട് വിവാദം പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി. അതിന് പരിഹാരമുണ്ടാകണമെങ്കിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. 50 വർഷത്തെ കമ്യൂണിസ്റ്റ് പ്രതാപം അസ്തമിച്ചു. ഇതേ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പയ്യന്നൂർ നഗരസഭ മുൻ അധ്യക്ഷ കെ.വി. ലളിത പ്രഖ്യാപിച്ചു. ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. എന്തുവന്നാലും ജയിക്കുമെന്ന നേതൃത്വത്തിന്റെ ധാർഷ്ട്യത്തിനു കിട്ടിയ തിരിച്ചടിയാണ് പരിഹാസ്യമായ തോൽവിയെന്നും വിമർശനം ഉയർന്നുവെന്നുമുള്ള വിവരങ്ങളാണ് അംഗങ്ങളിൽ നിന്നു തന്നെ പുറത്തുവന്നത്.


Source link

Back to top button