NEWS

ബേപ്പൂർ തുറമുഖത്തിന് അടിയിലെ പാറ തുരക്കാൻ അനുവാദം ലഭിക്കുമോ? ജൂൺ മാസം വരെ കാത്തിരിക്കണം


മലബാറിന്റെ ജീവനാഡിയാകേണ്ട തുറമുഖമാണ് ബേപ്പൂർ. പക്ഷേ, ആഴക്കുറവ് ഉൾപ്പെടെയുള്ള തടസ്സങ്ങളിൽ കുടുങ്ങി മുരടിച്ചു നിൽക്കുകയാണ് ബേപ്പൂർ ഇപ്പോൾ. തീരദേശ ചരക്കു കടത്ത് പ്രോത്സാഹനത്തിനു കേന്ദ്ര സർക്കാർ മുൻഗണന നൽകുമ്പോൾ, മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂരിനു വികസന സാധ്യതകളേറെയാണ്. ബേപ്പൂർ നേരിടുന്ന പ്രശ്നങ്ങളെന്ത്? അവയ്ക്കു ശാശ്വതമായ പരിഹാരമെന്താണ്? ഒരു അന്വേഷണം.. ബേപ്പൂർ ∙ വക്കു പൊട്ടിക്കിടക്കുന്ന വാർഫ്. ചോർന്നൊലിക്കുന്ന തുറന്ന ഗോഡൗൺ. 50 വർഷത്തോളം പഴക്കമുള്ള ക്രെയിനുകൾ. പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചർ, മാലിന്യവും സിമന്റ് കട്ടകളും ചിതറിക്കിടക്കുന്നു. ഒഴിഞ്ഞ ഇരുമ്പ് ഓയിൽ ബാരലുകൾ കുന്നോളം അട്ടിയിട്ടിരിക്കുന്നു. ആഴമില്ലാത്തതിനാൽ കപ്പലുകൾ ഈ വഴി വരുന്നേയില്ല. മലബാറിന്റെ ജീവനാഡിയാകേണ്ട ബേപ്പൂർ തുറമുഖത്തിന്റെ നേർ ചിത്രമാണിത്. ലക്ഷദ്വീപുമായി മാത്രമല്ല, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയവയുമായും ചരക്കു ഗതാഗത ബന്ധമുണ്ടായിരുന്നു ബേപ്പൂരിന് ഒരുകാലത്ത്. മാസത്തിൽ 8–10 ബാർജുകൾ (ചെറിയ കപ്പൽ) എങ്കിലും വന്നുപോയിരുന്ന ഇവിടെയിപ്പോൾ അത്, ഒന്നോ രണ്ടോ ആയി ചുരുങ്ങി. ഉരുക്കൾക്കു യാത്രാ നിയന്ത്രണമില്ലാത്ത സെപ്റ്റംബർ 15നും മേയ് 15നും ഇടയിൽ, പ്രതിമാസം 30 വരെ ഉരുക്കൾ ഇവിടെ എത്തിയിരുന്നത് ഇപ്പോൾ പകുതിയായി. ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പൽ സർവീസ് നിർത്തിയിട്ടു വർഷങ്ങളായി. ലക്ഷദ്വീപുമായുള്ള ചരക്കു ഗതാഗതം മാത്രമാണീ തുറമുഖത്തിന്റെ ജീവൻ നിലനിർത്തുന്നത്.ആഴമില്ലായ്മ തന്നെ പ്രധാന പ്രശ്നം 3.5 മീറ്റർ മാത്രമാണു ബേപ്പൂർ തുറമുഖത്തു നിലവിലെ ആഴം. 2000 ടൺ ചരക്കുകളുമായി ബാർജുകൾക്കും (ചെറിയ കപ്പൽ) ഉരുക്കൾക്കും തുറമുഖത്ത് അടുക്കാം. ആഴം 5.5 മീറ്റർ ആയാൽ 4000–4500 ടൺ വരെ ചരക്കുകളുള്ള യാനങ്ങൾക്ക് അടുക്കാൻ കഴിയും. 8 മീറ്റർ ആഴമുണ്ടെങ്കിൽ, 7500 ടൺ വരെ ചരക്കുമായി കപ്പലുകൾക്കു സുരക്ഷിതമായി തുറമുഖത്ത് എത്താം. 8 മീറ്റർ ആകുമ്പോൾ, അതിന് ആനുപാതികമായി കരുത്തുള്ള പുതിയ വാർഫും വേണ്ടിവരും. തുറമുഖത്ത് ആഴം കൂട്ടുന്നതിനു ഡ്രെജിങ്ങിനായി 2023ൽ 12 കോടി രൂപ അനുവദിക്കുകയും അക്കൊല്ലം മേയിൽ ഡ്രെജിങ് തുടങ്ങുകയും ചെയ്തിരുന്നു. അടിയിൽ പാറയാണെന്നു കണ്ട് അക്കൊല്ലം ഒക്ടോബറിൽ ഡ്രെജിങ് നിർത്തി. പാറ തുരന്നു മാറ്റി, 5.5 മീറ്റർ ആഴമാക്കാൻ 82.80 കോടി രൂപയുടെ പദ്ധതി തയാറാക്കി.


Source link

Back to top button