NATIIONAL
പ്രിൻസിന്റെ ഇന്ത്യൻ ടീം എൻട്രി ആഘോഷമാക്കി ലക്നൗ, ‘ആൾക്കൂട്ടത്തില്‍ ഏകനായി’ അർജുൻ തെൻഡുൽക്കർ

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർത്തുകളിക്കുന്ന പേസർ പ്രിന്‍സ് യാദവിന് ഇന്ത്യൻ ടീമിലേക്കു സിലക്ഷൻ ലഭിച്ചത് ലക്നൗ സൂപ്പർ ജയന്റ്സ് വലിയ ആഘോഷമാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച ലക്നൗ നിരാശയോടെ സീസൺ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് പ്രിൻസ് യാദവിന്റെ ഇന്ത്യൻ ടീം എൻട്രി സംഭവിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലാണു താരം കളിക്കുന്നത്. കേക്ക് മുറിച്ചുള്ള ലക്നൗവിന്റെ ആഘോഷ പരിപാടികളിൽ ലക്നൗ താരങ്ങളെല്ലാം പങ്കെടുത്തെങ്കിലും അർജുൻ തെൻഡുൽക്കറുടെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രിൻസ് യാദവിന്റെ സന്തോഷ നിമിഷത്തിൽ മറ്റു താരങ്ങളെല്ലാം പങ്കാളികളാകുമ്പോൾ, ഒരു ഭാഗത്തേക്കു മാറിനില്‍ക്കുകയാണ് അർജുൻ ചെയ്യുന്നത്.കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിലും താരത്തിന് അവസരമൊന്നും ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഐപിഎലിൽ തുടർച്ചയായ അവസരങ്ങൾ അർജുന് ഇതുവരെ ലഭിച്ചിട്ടില്ല. 2024ൽ ഒരു മത്സരത്തിലും 2023ൽ നാലു മത്സരങ്ങളിലുമാണ് അർജുൻ മുംബൈയ്ക്കായി കളിക്കാനിറങ്ങിയത്. താരലേലത്തിനു മുൻപ് മുംബൈ ഇന്ത്യൻസിൽനിന്ന് ലക്നൗ, അര്‍ജുനെ വാങ്ങുകയായിരുന്നു. 30 ലക്ഷം രൂപയാണു താരത്തിന്റെ പ്രതിഫലം. സീസൺ അവസാനിക്കാറായിട്ടും ഒരു മത്സരത്തിൽ പോലും പന്തെറിയാൻ സാധിക്കാത്തതിൽ അർജുൻ വലിയ നിരാശയിലാണെന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്. ലക്നൗവിന്റെ മത്സരങ്ങൾ കാണാൻ അർജുന്റെ ഭാര്യ സാനിയ ചന്തോക്കും സഹോദരി സാറ തെന്‍ഡുൽക്കറും പതിവായി സ്റ്റേഡിയത്തിലെത്താറുണ്ട്.
Source link

