test del 5 copy of del 3

12.46 പിഎം, ആദ്യമായി മുഖ്യമന്ത്രിക്കസേരയി‍ൽ ഇരുന്ന നിമിഷം, കണ്ണുകൾ നനഞ്ഞ് ചിന്തയിലാണ്ടു..


തിരുവനന്തപുരം ∙ സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ കയ്യിലെത്തിയ ദിവസത്തിന്റെ തുടക്കവും വി.ഡി.സതീശന് ഏതുദിനവും പോലെയായിരുന്നു. ഉള്ളിൽ പലവിധ വികാരങ്ങൾ നിറഞ്ഞിരിക്കാം, പക്ഷേ അതൊന്നും പുറത്തു കണ്ടില്ല. പതിവുപോലെ വൈകിയുറങ്ങി, ഉണർന്നു. എന്നാൽ ഉച്ചയ്ക്കു കൃത്യം 12.46ന്, ആദ്യമായി മുഖ്യമന്ത്രിക്കസേരയി‍ൽ ഇരുന്ന നിമിഷം കണ്ണുകൾ നനഞ്ഞ്, ചിന്തയിലാണ്ടു. നടന്നു കയറിയ വഴികളിലേക്കു തിരിച്ചു നടന്നതാകാം. ആ ഇരിപ്പ് തുടർന്നു, അടുത്ത സഹപ്രവർത്തകൻ നിയുക്ത എംഎൽഎ മുഹമ്മദ് ഷിയാസ് വന്നു കയ്യിൽ തൊടുംവരെ. രാഷ്ട്രീയജീവിതത്തിലെ വലിയ ചുമതല ഏറ്റെടുക്കും മുൻപ് കാറിലിരുന്നു പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വിളിച്ചു. ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ജോസി സെബാസ്റ്റ്യൻ, ചെറുപ്പകാലം മുതലുള്ള സുഹൃത്ത് രഞ്ജിത്ത് തമ്പി എന്നിവരെല്ലാമുണ്ടായിരുന്നു അക്കൂട്ടത്തിൽ. സെൻട്രൽ സ്റ്റേഡിയത്തിലേക്കു സത്യപ്രതിജ്ഞയ്ക്കായി വന്നുകയറിയപ്പോൾ വാഹനത്തെ പ്രവർത്തകർ പൊതിഞ്ഞു. ഏറെ പണിപ്പെട്ടാണു പൊലീസ് നിയുക്ത മുഖ്യമന്ത്രിയെ വേദിക്കരികിൽ എത്തിച്ചത്. നോർത്ത് ബ്ലോക്കിലെ ലിഫ്റ്റ് കയറി മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ. മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി ചില ഫയലുകളിൽ ഒപ്പിട്ടു. മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും മോൻസ് ജോസഫിനുമൊപ്പം വിസിറ്റേഴ്സ് ലോഞ്ചിൽ അൽപസമയം ചെലവിട്ടശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലേക്ക്. വാർത്താ സമ്മേളനവും കഴിഞ്ഞു കന്റോൺമെന്റ് ഹൗസിലെത്തുമ്പോൾ സമയം മൂന്നായി. ഭാര്യയും മകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കാണുന്നത് അപ്പോഴാണ്. സഹോദരങ്ങളടക്കം ബന്ധുക്കൾ ധാരാളം. അവർക്കൊപ്പം അൽപനേരം.


Source link

Back to top button