CINEMA

ഐ പാർവതി


പാർവതി തിരുവോത്ത്.

സിനിമയുടെ സിലബസിൽ 20 വർഷ യാത്രയിൽ പാർവതി തിരുവോത്ത്. നോട്ട്‌ബുക്കും, എന്ന് നിന്റെ മൊയ്‌തീനും ബാംഗ്ളൂർ ഡെയ്‌സും, ചാർളിയും, ടേക്ക് ഓഫും, ഉയരെയും, പുഴുവും, മരിയാനും തങ്കലാനും ഈ സിലബസിൽ പിറന്ന മികച്ച പാഠങ്ങൾ. മൊയ്‌തീന്റെ കാഞ്ചനമാലയും കൂടെയിലെ സോഫിക്കും മൈ സ്‌റ്റോറിയിലെ താര – ഹിമമാർക്കും ശേഷം പൃഥ്വിരാജുമായി ഒരുമിക്കുന്ന ഐ നോബഡിയുമായി ജൂലായ് 9ന് പാർവതി തിയേറ്ററുകളിൽ എത്തും. അഭിനയജീവിതത്തിലെ മികച്ച നേട്ടങ്ങളുമായി മുന്നേറുന്ന പാർവതിയുടെ ശക്തമായ വേഷപ്പകർച്ച ‘ഐ നോബഡി”യിൽ പ്രേക്ഷകർക്ക് ഉറപ്പായും കാണാൻ സാധിക്കും.

‘ഐ നോബഡി”യുടെ ഭാഗമാകണമെന്ന തീരുമാനത്തിന് പിന്നിൽ എന്താണ് കാരണം ?
സംവിധായകൻ നിസാം ബഷീറിന്റെയും തിരക്കഥാകൃത്ത് സമീറിന്റെയും കാഴ്ചപ്പാടും, നമ്മുടെ സമൂഹത്തിൽ അതീവ പ്രസക്തമായ ഒരു വിഷയത്തെ അവർ അവതരിപ്പിച്ച രീതിയും വളരെ ഇഷ്ടപ്പെട്ടു. അപ്പോൾ തന്നെ തീരുമാനിച്ചു ഈ സിനിമയുടെ ഭാഗമാകണമെന്ന്.കഥ പറയുന്ന രീതിയും അവതരണവും എല്ലാം വേറിട്ടതായി തോന്നി.’ഐ നോബഡി”യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ശക്തമായ സ്വാധീനം ചെലുത്തുന്ന മികച്ച സിനിമയാണ് അവർ ഒരുക്കിയിരിക്കുന്നത്.

സിനിമയിലെ 20 വർഷങ്ങൾ. യാത്ര ഇത്ര നീളുമെന്ന് കരുതിയതാണോ ?

തീർച്ചയായും കരുതി. ഞാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ് ഈ നീണ്ട യാത്ര. ആഗ്രഹിക്കുന്നിടത്തോളം കാലം ഇവിടെ തുടരാൻ എനിക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതിനുവേണ്ടി വളരെ കഠിനമായി പരിശ്രമിച്ചു.അവതരിപ്പിച്ച കഥാപാത്രത്തിൽ എല്ലാം ഇത് പ്രകടം ആണെന്ന് വിശ്വസിക്കുന്നു. ഇനിയും, ഞാൻ ഇവിടെ വളരെക്കാലം ഉണ്ടാകും.

പാർവതിയുടെ കഥാപാത്രങ്ങൾ നിലപാടും വ്യക്തിത്വവും പുലർത്തുന്നു. കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിന് മാനദണ്ഡം ഉണ്ടോ ?

കഥാപാത്രങ്ങളുടെ ആശയധാരയോ മൂല്യങ്ങളോ എന്റേതുമായി ഒത്തുപോകണമെന്നില്ല .അതു നോക്കാറുമില്ല. എന്നാൽ, സംവിധായകന്റെ ഉദ്ദേശ്യത്തെയും മൂല്യബോധത്തെയും കുറിച്ച് ഞാനും അവരും ഒരേ കാഴ്ചപ്പാടിലാണോ എന്നതാണ് പ്രധാനമായും നോക്കുന്നത്. അവരുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനും അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനും എനിക്ക് കഴിയുമോ എന്നതിനാണ് മുൻഗണന;. അതാണ് പ്രധാന മാനദണ്ഡം. മറ്റെല്ലാം ഒരു അധികനേട്ടം മാത്രം.

ഹൃത്വിക് റോഷൻ ആദ്യമായി നിർമ്മിക്കുന്ന ‘സ്റ്റോം’ വെബ് സീരിസിൽ നായികയാകുമ്പോൾ ബോളിവുഡിലെ മൂന്നാമത്തെ പ്രോജക്ടിൽ അഭിനേത്രി എന്ന നിലയിൽ കാണുന്ന പ്രത്യേകത?

ഖരീബ് ഖരീബ് സിംഗല്ലേ, കടക് സിംഗ് എന്നീ ചിത്രങ്ങൾക്കുശേഷം എത്തുന്ന സ്റ്റോമിലും വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ, എന്റെ പരിമിതികളെ മറികടക്കുകയോ അവയെ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ഈ കലാമാധ്യമത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നും അതുതന്നെയാണ്. കഠിനമായി പരിശ്രമിക്കുകയും അവസരം ലഭിക്കുകയും ചെയ്താൽ, ലോകത്തിലെ ഏത് രാജ്യത്തിന്റെ കഥയിലെയും ഒരു കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കാൻ ഒരു നടനോ നടിക്കോ കഴിയും എന്ന് ഉറപ്പാണ്.വീണ്ടും ഹിന്ദിയിൽ അഭിനയിക്കാൻ കഴിയുന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് ആഗ്രഹം.

മുംബയ് ഒന്നാം വീടായി മാറുമോ?

ലോകമേ തറവാട്.” ഒരു പ്രത്യേക സ്ഥലത്ത് എന്റെ വീട് എന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല. ഇതുവരെ എന്റെ ജീവിതം അങ്ങനെയായിരുന്നു; ഇനി മുന്നോട്ടും അതുതന്നെയായിരിക്കും.

അടുത്ത വർഷം സംവിധാനം ഉണ്ടാകുമോ ?

അഞ്ചു വർഷമായി സംവിധാനത്തിനു വേണ്ട ശ്രമങ്ങൾ നടത്തുന്നു. ഇത്തവണ എന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, അഭിനയവുമായി ബന്ധപ്പെട്ട കുറച്ച് ആവേശകരമായ പ്രോജക്ടുകൾ മുന്നിലുണ്ട്. ഏറെ തിരക്കോടെയും വളർച്ചയോടെയും മുന്നോട്ട് പോകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്.


Source link

Back to top button