test del 5 copy of del 3

സീബ്രാ ക്രോസിങ്ങിൽ 17കാരിയെ ഇടിച്ച് അബോധാവസ്ഥയിലാക്കി: 9 വർഷത്തിനു ശേഷം ഡ്രൈവർക്ക് 20,000 രൂപ പിഴ


മുംബൈ∙ ഒമ്പത് വർഷം മുമ്പ് സീബ്രാ ക്രോസിങ്ങിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 17കാരിയെ ഇടിച്ചുതെറിപ്പിച്ചു മാസങ്ങളോളം അബോധാവസ്ഥയിലാക്കിയ കേസിൽ ഡ്രൈവർക്ക് 20,000 രൂപ പിഴ. മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.2017 മേയ് 28നാണ് അപകടം. അന്നത്തെ റെയിൽവേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ഓടിച്ചിരുന്ന പി.നാരായണസാമി പൂസാരിപ്പടയാച്ചി (66), ചർച്ച്ഗേറ്റിന് സമീപം മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിങ്ങിൽ വച്ച് 17കാരിയായ നിധി ജെഠ്മലാനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തിൽ, മണിക്കൂറിൽ 70 കി.മീ വേഗത്തിലായിരുന്നു വാഹനം. പ്ലസ് ടു പ്രവേശനത്തിനായി കെ.സി കോളജിലേക്കു പോകുകയായിരുന്നു നിധി. തലയ്ക്കും അരക്കെട്ടിനും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ നാരായണസാമിയും കമ്മിഷണറും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ നിധി മൂന്ന് മാസത്തിനു ശേഷമാണ് ആശുപത്രി വിട്ടത്. അപകടത്തെ തുടർന്ന് മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു പെൺകുട്ടി.അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനു കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി, നാരായണസാമിക്ക് 20,000 രൂപയാണ് പിഴ വിധിച്ചത്. ഈ തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ 30 ദിവസം തടവ് അനുഭവിക്കണം. ‘‘പ്രതി ആദ്യമായി കുറ്റം ചെയ്യുന്നയാളാണ്. സംഭവം നടന്നിട്ട് എട്ട് വർഷത്തിലേറെയായി. വിചാരണയുടെ ദുരിതം പ്രതി ഇതിനകം അനുഭവിച്ചു. കുടുംബ പശ്ചാത്തലവും ഇത് അയാളുടെ ഭാഗത്തുനിന്നുള്ള ഒറ്റ വീഴ്ചയാണെന്നതും പരിഗണിച്ച് കോടതി മൃദുസമീപനം സ്വീകരിക്കുന്നു’’ – അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുപ്രിയ വിജയ്സിങ് നിഖം വിധിന്യായത്തിൽ പറഞ്ഞു.


Source link

Back to top button