test del 5 copy of del 3
‘സ്ഥാനാർഥി ആരോപണവിധേയൻ അല്ലായിരുന്നെങ്കിൽ മത്സരിക്കില്ലായിരുന്നു; സിപിഎം തെറ്റുതിരുത്തുമെന്ന് പ്രതീക്ഷയില്ല’: വി.കുഞ്ഞിക്കൃഷ്ണൻ

കണ്ണൂർ ∙ സിപിഎം തെറ്റു തിരുത്തുമെന്നു തനിക്കു പ്രതീക്ഷയില്ലെന്നു പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി.കുഞ്ഞിക്കൃഷ്ണൻ. വിജയത്തിനുശേഷം ആദ്യമായി ഡിസിസി ഓഫിസിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. സിപിഎം എത്രത്തോളം തെറ്റുതിരുത്തുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അനുഭവമാണ് ഏറ്റവും വലിയ ഗുരു. മൂന്നു തവണ സിപിഎം കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തൽ രേഖ അംഗീകരിച്ച് താഴേത്തലം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ രേഖയിൽ എല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ അതു കടലാസിൽ തന്നെ ഇരിക്കുകയാണ്. അതു പ്രാവർത്തികമാക്കാൻ ഇന്നുവരെ പാർട്ടിക്കു സാധിച്ചിട്ടില്ല. കാരണം പഴയ പാർട്ടിയല്ല ഇന്നത്തെ പാർട്ടി. പഴയ പാർട്ടി ഉൾപ്പാർട്ടി ജനാധിപത്യത്തിനും ജനാധിപത്യ കേന്ദ്രീകരണത്തിനും പ്രാമുഖ്യം നൽകിയിരുന്നു. സിപിഎം എന്നാൽ കൂട്ടായ നേതൃത്വമാണ്. ഇന്ന് ഒരാൾ പറയുകയും അതു മറ്റുള്ളവർ റാൻമൂളി അംഗീകരിക്കുകയും ചെയ്യുകയാണ്. അടിമ സ്വഭാവത്തിലേക്കു കേരളത്തിലെ പാർട്ടി മാറിയിരിക്കുന്നു. പയ്യന്നൂരിലെ സിപിഎം നേതാക്കളുടെ ചിത്രങ്ങൾ വച്ച് സൈബർ ആക്രമണം നടക്കുന്നുണ്ട്. അവർ തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. എന്നാൽ അത്തരത്തിലൊന്നുണ്ടായിട്ടില്ല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം ഉണ്ടായപ്പോൾ അന്നു താൻ ഉന്നയിച്ച വിഷയത്തിൽ സംസാരിച്ചവരാണ് ഇവരെല്ലാം. അവരെയാണ് ഇപ്പോൾ ഒറ്റുകാരെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. ജനങ്ങളിലേക്കിറങ്ങിയപ്പോൾ അനുകൂല അവസ്ഥയാണ് ലഭിച്ചത്. താൻ കോൺഗ്രസായി എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയപാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രൻ എന്ന നിലയിൽ തന്നെ മുന്നോട്ടുപോകും. അതോടൊപ്പം തന്നെ യുഡിഎഫിന്റെ പിന്തുണ ലഭിച്ചതിനാൽ യുഡിഎഫിന്റെ നിലപാടിന് അനുസരിച്ചുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഡിസിസി ഓഫിസിലെത്തിയ കുഞ്ഞിക്കൃഷ്ണൻ കേക്ക് മുറിച്ചു മധുരം പങ്കുവച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. മേയർ പി.ഇന്ദിര, റഷീദ് കവായി, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, ബി.എൻ.ഹസ്കർ തുടങ്ങിയവർ പങ്കെടുത്തു.
Source link


