test del 3
സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിർസ്വരം, ആരെന്ത് പറഞ്ഞാലും മത്സരിക്കുമെന്ന് ശശീന്ദ്രൻ; അവസാനം പെൺകരുത്തിന് മുന്നിൽ തോൽവി

കോഴിക്കോട് ∙ ജില്ലയിൽ ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ കരുത്തോടെ മത്സരിച്ച് വിജയിച്ചത് ഇത്തവണ അഞ്ചു കോൺഗ്രസ് സ്ഥാനാർഥികളാണ് – കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കൂടിയായ കെ.പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ കെ.ജയന്ത്, നാദാപുരത്ത് കെ.എം.അഭിജിത്ത്, ബാലുശ്ശേരിയിൽ വി.ടി.സൂരജ്, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ എന്നിവർ. 2001ൽ കൊയിലാണ്ടിയിൽ പി. ശങ്കരനും ഇപ്പോൾ കോഴിക്കോട് നോർത്ത് ആയി മാറിയ അന്നത്തെ കോഴിക്കോട് ഒന്നിൽ എ. സുജനപാലുമാണ് ജില്ലയിൽനിന്ന് അവസാനം വിജയിച്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ. രണ്ടു പതിറ്റാണ്ടിനു ശേഷം കൈപ്പത്തിയിൽ അഞ്ച് എംഎൽഎമാർ ജില്ലയിൽ നിന്ന് ജയിച്ച് നിയമസഭയിലേക്ക് എത്തുമ്പോൾ ഇതിൽ എലത്തൂരിലെ ജയം യുഡിഎഫിന് അൽപം കൂടുതൽ വിജയാഹ്ലാദം നൽകുന്നതാണ്.കക്കോടി ഒഴികെ മണ്ഡലത്തിലെ ആറിൽ അഞ്ചു പഞ്ചായത്തിലും എലത്തൂരിലെ ആറു വാർഡുകൾ ഉൾപ്പെടുന്ന കോഴിക്കോട് കോർപറേഷൻ മേഖലയിലും ആധികാരിക മുന്നേറ്റത്തോടെയാണ് വിജയമെന്നതും വിദ്യയുടെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. വോട്ടെടുപ്പിന് മുൻപ് തന്നെ ഇടതുസ്ഥാനാർഥി നിർണയത്തിലെ പടലപ്പിണക്കങ്ങൾ എലത്തൂരിനെ സംസ്ഥാനത്തിന്റെ ശ്രദ്ധയിൽ എത്തിച്ചിരുന്നു. എ.െക.ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ആ വിവാദങ്ങൾ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയായ എൻസിപിയിലായിരുന്നു പ്രതിഷേധം ഉയർന്നത്. തുടർച്ചയായി ശശീന്ദ്രൻ തന്നെ വിജയിച്ചുവരുന്ന മണ്ഡലത്തിൽ പ്രായക്കൂടുതലുള്ള ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിലും മറ്റും എതിർ വികാരമുണ്ടായിരുന്നു. ആരെന്തു പറഞ്ഞാലും മത്സരിക്കുമെന്ന വാശിയിലായിരുന്നു ശശീന്ദ്രൻ. എൻസിപി ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പാസാക്കിയ പ്രമേയത്തെ സംസ്ഥാന നേതൃത്വത്തിന്റെ ആശീർവാദത്തോടെ പോലും മറികടന്നായിരുന്നു ശശീന്ദ്രന്റെ കടന്നുവരവ്. എലത്തൂരിൽ ഏതുതരംഗത്തെയും മറികടക്കാൻ മൂന്നുവട്ടം അവിടെ ജയിച്ച ശശീന്ദ്രനാകും എന്ന സിപിഎം പ്രതീക്ഷകൾ കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം തകർത്തത്.തോൽവിയോടെ എൻസിപിയിൽ എ.കെ.ശശീന്ദ്രനെതിരായ എതിർപ്പ് കൂടിയിട്ടുണ്ട്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ എൻസിപിയെ തന്നെ അപ്രസക്തമാക്കി ഇടതുമുന്നണിയിലെ വല്യേട്ടനായ സിപിഎം തന്നെ ശക്തമായ ഇടതുവേരുകൾ ഇതുവരെ ഉറപ്പിച്ചുനിർത്തിയ എലത്തൂർ മണ്ഡലത്തെ ഏറ്റെടുക്കുമെന്ന ആശങ്കയും എൻസിപി അണികൾക്കുണ്ട്. പ്രതീക്ഷകൾക്കും അപ്പുറമുളള പിന്തുണയാണ് എലത്തൂരിലെ ജനത നൽകിയതെന്ന് വിദ്യ ബാലകൃഷ്ണൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തന്നെ മണ്ഡലത്തിൽ പ്രതിഫലിച്ചു തുടങ്ങിയ യുഡിഎഫ് അനുകൂല ചലനങ്ങൾ ആത്മവിശ്വാസം പകർന്നിരുന്നു. ഭരണവിരുദ്ധ വികാരവും എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ മണ്ഡലത്തിലുണ്ടായ പൊതുവികാരവുമാണ് പൊളിച്ചാൽ പൊളിയാത്ത ഇടതുകോട്ടയെന്ന എലത്തൂരിന്റെ ചരിത്രം പൊളിച്ചെഴുതിയതെന്നും അവർ പറഞ്ഞു.
Source link


