test del 5 copy of del 3
മെമു ട്രെയിൻ മണ്ണിൽ കുടുങ്ങിയത് സംരക്ഷണഭിത്തി തകർന്നതറിയാതെ എത്തി; ഗതാഗതം തടസ്സപ്പെട്ടത് 6 മണിക്കൂറോളം

കരുവാരകുണ്ട് ∙ തുവ്വൂർ മേൽപാലം റെയിൽവേ കമാനത്തിന്റെ സംരക്ഷണഭിത്തി പാളത്തിലേക്ക് തകർന്നുവീണു. ഭിത്തി തകർന്നതറിയാതെ ഇന്നലെ പുലർച്ചെ സർവീസ് നടത്തിയ നിലമ്പൂർ – ഷൊർണൂർ മെമു ട്രെയിൻ മണ്ണിൽ കുടുങ്ങി. മണ്ണും കല്ലും വീണതിനാൽ 6 മണിക്കൂറോളം നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മെമു ട്രെയിൻ സർവീസ് റദ്ദാക്കി. ബ്രേക്കിന് സംഭവിച്ച കേടുപാടുകൾ തീർക്കാൻ മെമു ട്രെയിൻ പിന്നീട് വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചുപോയി. നവീകരണത്തിന്റെ ഭാഗമായാണ് തുവ്വൂർ റെയിൽവേ മേൽപാലത്തിനു സംരക്ഷണഭിത്തി നിർമിച്ചത്. രണ്ടു ഭാഗത്തുനിന്നും മണ്ണുനീക്കി ഏകദേശം 20 അടി ഉയരത്തിലാണ് കരിങ്കല്ല് ഉപയോഗിച്ച് 2 മാസം മുൻപ് ഭിത്തി നിർമിച്ചത്. കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ മണ്ണിളകിയാണ് ഭിത്തി തകർന്നതെന്നു സംശയിക്കുന്നു.കമ്പിയില്ലാതെ കരിങ്കല്ലിൽ തീർത്താണ് പാലം. നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരു ഭാഗങ്ങളിൽനിന്നും മണ്ണെടുത്ത് പാത വീതി കൂട്ടിയത് ഈയിടെയാണ്. ഇതിനൊപ്പം കരിങ്കല്ല് ഉപയോഗിച്ച് പാലത്തിന് സംരക്ഷണ ഭിത്തി നിർമിക്കുകയും ചെയ്തു. മതിയായ വീതിയില്ലാതെ മണ്ണിൽ കരിങ്കല്ല് പതിച്ചാണു പാലത്തിന് സംരക്ഷണമൊരുക്കിയത്. ട്രെയിൻ കടന്നുപോകുമ്പോൾ കല്ലിന് ഇളക്കമുണ്ടായി വിള്ളൽ രൂപപ്പെട്ടത് നാട്ടുകാർ നേരത്തേ അധികൃതരെ അറിയിച്ചിരുന്നു. ഇന്നലെ ഭിത്തി തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്താനാണു റെയിൽവേ അധികൃതർ ആലോചിക്കുന്നത്. കമാനത്തിനു സമാന്തരമായി മറ്റൊരു പാലം നിർമിക്കണമെന്ന് നാട്ടുകാർ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Source link


