LATEST

ശ്രദ്ധാകേന്ദ്രമായി ഇന്ദിരാഭവൻ, മൂകമായി എ.കെ.ജി സെന്റർ


തിരുവനന്തപുരം: വോട്ടെണ്ണൽ ദിവസം പ്രവർത്തകരുടെ തിക്കും തിരക്കും ആവേശവും നിറഞ്ഞ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നലെ വലിയ ആൾതിരക്കുണ്ടായില്ല. 102 സീറ്റ് നേടി അധികാരത്തിലേറുന്നതിന്റെ ആഹ്ലാദം രാവിലെ മുതൽ വന്നുപൊയ്‌ക്കൊണ്ടിരുന്ന നേതാക്കന്മാരിലും പ്രവർത്തകരിലും കാണാനായി. മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഡൽഹിയിലടക്കം തുടരവെ അതിന്റെ ഭാഗമായ ആശയവിനിമയങ്ങൾ ഇവിടെയും നടന്നു. അതുകൊണ്ടുതന്നെ മീഡിയകളുടെയും പൊതുപ്രവർത്തകരുടെയും ശ്രദ്ധാകേന്ദ്രമായി തുടരുകയാണ് ഇന്ദിരാഭവൻ.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രാവിലെ ഓഫീസിലെത്തിയിരുന്നു. എം.കെ. രാഘവൻ ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പലസമയങ്ങളിലായി എത്തി. ചിലർ ദീപാദാസ് മുൻഷിയുമായി സംസാരിച്ചു. ഉച്ചയോടെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിനായി എത്തി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പതിവുപോലെ വൈകിട്ട് ഓഫീസിലേക്കു വന്നു. നേതാക്കന്മാർ തമ്മിൽ മുൻനിശ്ചയിച്ചപ്രകാരമുള്ള ചർച്ചകൾ നടന്നില്ലെങ്കിലും നിലവിലെ സാഹചര്യം സംബന്ധിച്ച അനൗപചാരിക സംഭാഷണങ്ങളുണ്ടായി. വരും ദിവസങ്ങളിൽ നിർണായകമായ കൂടുതൽ ചർച്ചകൾക്ക് ഇന്ദിരാഭവൻ വേദിയാകും.
വോട്ടെടുപ്പ് ദിനത്തിൽ ആരവമൊഴിഞ്ഞ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റർ ഇന്നലെയും മൂകമായിരുന്നു. വോട്ടെണ്ണലിന്റെ തലേന്ന് എത്തിയ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റുള്ളതിനാൽ ഇവിടെ തുടരുകയാണ്. ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയനെത്തി. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. 10 വർഷമായി സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു എ.കെ.ജി സന്റർ. ഇനി പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രം എന്ന നിലയിലേക്ക് മാറുകയാണ്.


Source link

Back to top button