ബസുമതി കതിരണിഞ്ഞു, പ്രസന്നന്റെ മട്ടുപ്പാവിൽ

തിരുവനന്തപുരം: പച്ചക്കറി, കിഴങ്ങുവിള ജൈവകൃഷിക്ക് കൃഷിവകുപ്പിന്റെ നിരവധി അംഗീകാരങ്ങൾ നേടിയ റിട്ട. എസ്.ഐ ജി.പ്രസന്നന്റെ ബസുമതി നെൽകൃഷി ശ്രദ്ധേയമാകുന്നു. തന്റെ മട്ടുപ്പാവിൽ കതിരണിഞ്ഞ, പഞ്ചാബിന്റെ സ്വന്തം സുഗന്ധ നെല്ലിനത്തിന്റെ കൊയ്ത്തിന് കാത്തിരിക്കുകയാണിദ്ദേഹം.16 വർഷം മുൻപ് കാക്കിയഴിച്ചപ്പോൾ കർഷകന്റെ ഉടുപ്പണിഞ്ഞ പ്രസന്നൻ ,ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളൂർ ബാപ്പുജി നഗറിലെ വീട്ടിൽ ബസുമതി കൃഷിചെയ്തത്. രക്തശാലിയും ഉമയുമടക്കം നിരവധി നെല്ലിനങ്ങൾ കൃഷി ചെയ്തു വിജയിച്ചിട്ടുള്ള പ്രസന്നന്റെ പുതിയ പരീക്ഷണമാണിത്.പഞ്ചാബിലെ റൈസ് മില്ലിൽ സന്ദർശനത്തിന് പോയ സുഹൃത്താണ് ബിരിയാണി കൈതയുടെ മണമുള്ള അരക്കിലോയോളം ബസുമതി നെൽവിത്തുകൾ സമ്മാനിച്ചത്. പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ മുളപ്പിച്ചെടുത്ത തൈകൾ 40 ചട്ടികളിലേക്ക് മാറ്റി. ഓരോ ചട്ടിയിലും 10-15 വച്ച് ആകെ 500 ലധികം നെൽച്ചെടികൾ. ഏപ്രിൽ പകുതിയോടെ കതിരണിഞ്ഞ ഇവ ഈ മാസം അവസാനത്തോടെ കൊയ്യാൻ പാകമാകും. ഓരോ ചട്ടിയിൽ നിന്നും കുറഞ്ഞത് 400 ഗ്രാം നെല്ല് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Source link


