test del 5 copy of del 3
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: റീൽ, ഡോക്യുമെന്ററി, പോഡ്കാസ്റ്റ്; ‘മുഖ്യം’ പ്രതിഛായ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിപദത്തിനായി നേതാക്കളെ ചുറ്റിപ്പറ്റിയുള്ള അണിയറനീക്കങ്ങൾ കോൺഗ്രസിൽ ശക്തം. നേതാക്കളെ പിന്തുണച്ചുള്ള പരസ്യപ്രതികരണങ്ങൾ ഏറക്കുറെ അവസാനിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്. ഇതിനിടെ, നേതാക്കളുടെ ചില പ്രവൃത്തികൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടുള്ള പ്രതിഛായ മിനുക്കലാണെന്ന വ്യാഖ്യാനവുമുണ്ട്.ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ‘ജനനായകൻ’ എഐ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു. വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിങ് അന്തിമഘട്ടത്തിലാണ്. പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം വായനക്കാരിലെത്തിക്കുന്നെന്ന് പുസ്തകദിനത്തിൽ കോൺഗ്രസിന്റെ അറിയിപ്പെത്തി. ‘നേരിനൊപ്പം: പോരാട്ടങ്ങൾ, നിലപാടുകൾ’ എന്നാണു പുസ്തകത്തിന്റെ പേര്.കേരളത്തിന്റെ വികസനത്തിനുള്ള ചർച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് ‘കേരളയാത്ര’ എന്ന പേരിൽ ചെന്നിത്തലയുടെ പോഡ്കാസ്റ്റ് ഇതിനിടെ പുറത്തുവന്നു. ‘രാഷ്ട്രീയ പ്രസ്താവനകളും വിവാദങ്ങളും മുൻനിർത്തിയുള്ള യാത്രയല്ല; രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുമല്ല. നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് എന്റെയും കോൺഗ്രസിന്റെയും സ്വപ്നങ്ങൾ നിങ്ങളോടു പങ്കുവയ്ക്കാനാണു കേരളയാത്രയെന്ന പോഡ്കാസ്റ്റ്’ എന്ന വാചകത്തോടെയുള്ള ആമുഖ വിഡിയോ ആണ് പുതുതായി സൃഷ്ടിച്ച സമൂഹമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ലോൺ ആപ്പുകൾക്കെതിരെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചുള്ള ആദ്യ എപ്പിസോഡ് ഇന്നലെ പുറത്തിറങ്ങി. അതേസമയം, ചെന്നിത്തലയുടെ ഒൗദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ പോഡ്കാസ്റ്റിന്റെ വിഡിയോയോ ലിങ്കോ പങ്കുവച്ചിട്ടില്ല.
Source link

