test del 5 copy of del 3
നിന്നു കത്തുന്ന മരങ്ങൾക്കരികെ ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങൾ; മനോരമ ലേഖകൻ കണ്ട കാഴ്ചകൾ

മുണ്ടത്തിക്കോട് ∙ പാടത്താകെ ചിതറിവീണു കിടക്കുന്ന മനുഷ്യശരീരങ്ങൾ, നിലയ്ക്കാത്ത തുടർസ്ഫോടനങ്ങൾ, അടുക്കാനാകാത്തവിധമുയരത്തിലാളുന്ന തീ, നൂറുമീറ്ററിലേറെ അകലേക്കു തെറിച്ചുവീണ ഇഷ്ടികകളും കെട്ടിടഭാഗങ്ങളും, നിന്നുകത്തുന്നതും ചിതറിത്തെറിച്ചതുമായ മരങ്ങൾ, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന അവശിഷ്ടങ്ങൾക്കിടയിൽ വേവലാതിയോടെ ഉറ്റവരെ തിരയുന്നവർ…ഉഗ്രസ്ഫോടന ശബ്ദങ്ങളും കുലുക്കവും വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു തെറിക്കുന്നതും കണ്ടപ്പോൾ ഭൂമികുലുക്കമെന്നായിരുന്നു നാട്ടുകാർ ആദ്യം വിചാരിച്ചത്. കുട്ടംകുളം പാടത്തുനിന്നു വൻതോതിൽ പുക ഉയരുന്നതുകണ്ടപ്പോഴാണു വെടിക്കെട്ടു പുരയ്ക്കു തീപിടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. ആളുകൾ പലയിടത്തു നിന്നായി ഓടിയെത്തി. മരങ്ങളെക്കാൾ ഉയരത്തിൽ തീയാളുന്നതായിരുന്നു ആദ്യം കണ്ട കാഴ്ച. വൻ ശബ്ദത്തിൽ കുഴിമിന്നലുകൾ പൊട്ടിക്കൊണ്ടിരിക്കുന്നതു കാരണം അടുക്കാൻ കഴിഞ്ഞില്ല.പരുക്കേറ്റവരെ രക്ഷിച്ചശേഷം പറമ്പിനു ചുറ്റുമുള്ള പാടത്തുകൂടി നടന്നു രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചു. മനുഷ്യശരീര ഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നുവെന്നു വ്യക്തമായത് അപ്പോഴാണ്. ഗുണ്ടുകളും അമിട്ടുകളും പൊട്ടാതെ പലയിടത്തേക്കു തെറിച്ചുവീണതും ഭീഷണിയായി. ഓടിരക്ഷപ്പെടാൻ പാകത്തിനു കെൽപുണ്ടായിരുന്നത് 7 പേർക്കു മാത്രമാണെന്നു നാട്ടുകാർ പറയുന്നു. രക്ഷപ്പെട്ട ബാക്കിയുള്ളവർക്കു മാരകമായി പൊള്ളലുണ്ട്.
Source link

