test del 1

ചൂട് കാലമാണ്, കുപ്പി വെള്ളം വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടത്തുന്നത്. മാർച്ച് 1 മുതൽ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. ജ്യൂസ്, കൂൾ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാന്റേർഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ചൂട് കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിച്ചു വരുന്നു. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുന്നതാണ്.

വേനൽ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. കടകളിലും പാതയോരങ്ങളിലും ജ്യൂസ് വിൽക്കുന്നവർ ശുദ്ധജലത്തിൽ നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തുക. ആഹാര സാധനങ്ങൾ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

കുപ്പിവെള്ളം വാങ്ങുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.
കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരത്തേണ്ടതാണ്.
കടകളിൽ വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങൾ വാങ്ങിക്കാതിരിക്കുക.
കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.
ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.


Source link

Back to top button