test del 2

തുറന്നു, ട്രംപ് ഇടഞ്ഞതോടെ അടച്ചു; കപ്പലുകൾക്ക് നേരെ വെടിവെപ്പ്; ഹോർമുസിൽ ആകെ അനിശ്ചിതത്വം


ലെബനനിലെ 10-ദിന വെടിനിർത്തൽ നിലവിൽവന്നതോടെ വെള്ളിയാഴ്ച ഇറാൻ ചരക്കുകപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുത്തത് അന്താരാഷ്ട്ര വ്യാപാരമേഖലയെ ആഹ്ലാദിപ്പിച്ചിരുന്നു. വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചത് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്.ഇറാന്റെ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നതായും കപ്പലുകൾക്ക് കടന്നുപോകാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയും അറിയിച്ചു. ഈ തീരുമാനത്തിന് അദ്ദേഹം ഇറാന് നന്ദി പറയുകയും ചെയ്തു. എന്നാൽ, ഈ ഉറപ്പുകൾക്കെല്ലാം ഏതാനും മണിക്കൂറുകൾ നീണ്ട ആയുസേ ഉണ്ടായിരുന്നുള്ളൂ.തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചു. ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകാത്തതിനെ തുടർന്നാണ് ഇറാൻ ശനിയാഴ്ച ഈ പാത വീണ്ടും അടയ്ക്കാൻ തീരുമാനിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിച്ച 21 കപ്പലുകളെ അമേരിക്കൻ സൈന്യം തിരിച്ചയച്ചിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം ഇപ്പോൾ കർശനമായ നിയന്ത്രണത്തിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഹോർമുസ് തുറന്നെന്ന പ്രഖ്യാപനത്തിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 20-ഓളം കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ചെങ്കിലും മിക്കവയും തിരികെപ്പോരുകയായിരുന്നു.ഇനി ഐആർജിസി അനുമതി നൽകുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഈ കപ്പലുകൾ നിശ്ചിത ടോൾ നൽകണമെന്നും ഇറാന്റെ പാർലമെന്ററി നാഷണൽ സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി വ്യക്തമാക്കിയിട്ടുണ്ട്.


Source link

Back to top button