കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണു മരിച്ചു. വാളകം തെക്കേ അമ്പലക്കര സ്വദേശികളായ ബിനോയ്-സിമി ദമ്പതികളുടെ മകൾ അഹന്നയാണ് മരിച്ചത്. കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള പ്രത്യേക പരിശീലനത്തിൽ പങ്കെടുക്കാനാണ് അഹന്ന അഞ്ചലിലെ സ്ഥാപനത്തിൽ എത്തിയത്. സാധാരണയായി വീടിന് സമീപത്തുള്ള വാളകത്തെ കേന്ദ്രത്തിലാണ് കുട്ടി പരിശീലനം നടത്തുന്നത്. എന്നാൽ ബ്ലാക്ക് ബെൽറ്റ് പരീക്ഷയായതിനാൽ അഞ്ചലിലെ പ്രധാന കേന്ദ്രത്തിൽ പരിശീലനത്തിനായി എത്തുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിശീലനത്തിനിടെ കുട്ടിക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഥാപനത്തിലെ അധികൃതരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Source link


