LIFESTYLE

ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിൻ; കാണാൻ കളിപ്പാവ,​ നിറം നീല, കാണപ്പെടുന്നത് ഈ രാജ്യങ്ങളിൽ മാത്രം


നീല പെൻഗ്വിനുകൾ

പെൻഗ്വിൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കറുപ്പും വെളുപ്പും നിറത്തിലുള്ള അന്റാർട്ടിക്കയിലെ മഞ്ഞിലൂടെ ആടിയാടി നടക്കുന്ന പക്ഷികളെയല്ലേ? എന്നാൽ എല്ലാ പെൻഗ്വിനുകളും അങ്ങനെയല്ല. മഞ്ഞിനെക്കാൾ കൂടുതൽ സൂര്യപ്രകാശവും കടൽത്തീരവും ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിനുകളും ഇക്കൂട്ടത്തിലുണ്ട്. ചെറിയ പെൻഗ്വിൻ ഇനത്തിൽപ്പെട്ട ഇവയെ നീല പെൻഗ്വിൻ അഥവാ ഫെയറി പെൻ‌ഗ്വിൻസ് എന്നാണ് അറിയപ്പെടുന്നത്.

വലിപ്പത്തിന്റെ കാര്യത്തിൽ ഇവ നമ്മളെ അമ്പരപ്പിക്കും. 30 മുതൽ 33 സെന്റീമീറ്റർ ഉയരവും ഒന്നര കിലോഗ്രാമുമാണ് പരമാവധി തൂക്കം. അതായത്, ഒരു ബൗളിംഗ് പിന്നിന്റെ അത്രയും ഉയരം. ഇവരുടെ മറ്റൊരു പ്രത്യേകത നിറമാണ്. സാധാരണ പെൻഗ്വിനുകളുടെ കറുപ്പും വെളുപ്പും കലർന്ന രൂപത്തിന് പകരം നീല നിറത്തിലുള്ള തൂവലുകളാണുള്ളത്. ഈ നീലനിറമാണ് ഇവയ്ക്ക് ‘ബ്ലൂ പെൻഗ്വിൻ’ എന്ന പേര് നേടിക്കൊടുത്തത്. ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും തീരപ്രദേശങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്.


പകൽ സമയം മുഴുവൻ കടലിൽ നീന്തിത്തുടിക്കാനും ചെറു മീനുകളെയും കൂന്തലുകളെയും പിടിക്കാനുമാണ് താൽപ്പര്യം. എന്നാൽ ഇവരുടെ യഥാർത്ഥ കൗതുകം രാത്രിയിലാണ് തുടങ്ങുന്നത്. പകൽ മുഴുവൻ കടലിൽ ചിലവഴിച്ച ശേഷം ഇരുട്ടാകുമ്പോൾ കൂട്ടമായി കരയിലേക്ക് വരും. കരയിലെ മൺപൊത്തുകളിലുള്ള ഇവരുടെ തിരിച്ചുവരവ് ലോകപ്രശസ്തമാണ്. ‘പെൻഗ്വിൻ പരേഡ്’ എന്നാണ് ഇതറിയപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ചില തീരങ്ങളിൽ ഈ മനോഹര കാഴ്ച കാണാൻ വേണ്ടി മാത്രം ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.


നീല തൂവലുകളുള്ള ചെറിയ പെൻഗ്വിനുകൾ. ഫോട്ടോ: വൈൽഡ് ലൈഫ് നോമഡ്

വലിപ്പത്തിൽ കുഞ്ഞന്മാരാണെങ്കിലും വെള്ളത്തിൽ ജീവിക്കാൻ ആവശ്യമായ എല്ലാ അതിജീവന തന്ത്രങ്ങളും പ്രകൃതി ഇവർക്ക് നൽകിയിട്ടുണ്ട്. ഇവയുടെ ശരീരത്തിന്റെ പ്രത്യേക ഘടന വേഗത്തിൽ നീന്താൻ സഹായിക്കുന്നു. നീല നിറം ഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ല, മറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു തരം ഒളിവേഷം കൂടിയാണ്. കടലിന് മുകളിൽ നിന്ന് നോക്കുന്ന കഴുകൻമാർക്കും മറ്റ് വേട്ടക്കാർക്കും കടൽവെള്ളത്തിന്റെ നീലനിറത്തിനിടയിൽ ഈ പെൻഗ്വിനുകളെ തിരിച്ചറിയാൻ കഴിയില്ല.


കാണാൻ കളിപ്പാവയെപ്പോലെ തോന്നുമെങ്കിലും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ളവരാണ് ഇവർ. എങ്കിലും മനുഷ്യൻ വരുത്തിവയ്ക്കുന്ന മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യർ വളർത്തുന്ന നായ്ക്കൾ, പൂച്ചകൾ, കുറുക്കന്മാർ എന്നിവയുടെ ആക്രമണം കാരണം ഇത്തരം കുഞ്ഞൻ പെൻഗ്വിനുകളുടെ ജീവൻ ഇന്ന് വലിയ ഭീഷണിയിലാണ്.


Source link

Back to top button