NEWS

‘ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം, ചിലർക്ക് വളമായപ്പോൾ പലരും ചീഞ്ഞു,’ പ്രിയദർശിനി പദ്ധതിക്കെതിരെ നിർമ്മാതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ നടപ്പിലാക്കിയ ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്ര നിർമ്മാതാവും ബസുടമയുമായ ജോബി ജോർജ്. ജൂൺ 15ന് യാഥാർത്ഥ്യമാക്കിയ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ‌ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്നാണ് ജോബി ജോർജിന്റെ ആക്ഷേപം. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ച കുറിപ്പും അതിന് താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടികളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘ഒന്ന് ചീയുമ്പോൾ.. മറ്റൊന്നിന് വളം ആകും.. എന്നാൽ ഇവിടെ ചിലർക്ക് വളം ആയപ്പോൾ…. പലരും ചീഞ്ഞു തുടങ്ങി…. വൻകിട രാജ്യങ്ങളിൽ പോലും പബ്ലിക് ട്രാൻസ്‌പോർട് സർവീസ് ഫ്രീ അല്ല.. അപ്പോൾ എങ്ങനെ നമുക്കാകും എന്ന് ചിന്തിച്ചിട്ടുണ്ടോ….. ഈ പോക്കാണേൽ കെഎസ്ആർടിസി നശിക്കും പ്രൈവറ്റ് ബസ് സർവീസും നശിക്കും’ — അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘എനിക്ക് 25 ബസുകളുണ്ട്. അതിൽ 75 തൊഴിലാളികളാണ് ജോലി ചെയ്യുന്നുത്. നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് സംസാരിക്കുന്നത്. ഈ പോക്കാണെങ്കിൽ ഞാൻ ഈ പണി നിർത്തും. അപ്പോൾ ആ 75 കുടുംബങ്ങളുടെ അവസ്ഥ എന്താകും?’ — കമന്റുകൾക്ക് മറുപടിയായി ജോബി ജോർജ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ സ്ത്രീ സൗജന്യയാത്രാ പദ്ധതികൾ ചൂണ്ടിക്കാണിച്ചുള്ള കമന്റുകൾക്കും ജോബി കൃത്യമായ മറുപടി നൽകുന്നുണ്ട്. ഡൽഹി, തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി വിജയകരമാണല്ലോ എന്ന ചോദ്യത്തിന്, പ്രായോഗിക ബുദ്ധിമുട്ടുകൾ തനിക്ക് നേരിട്ടറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് ഡിസ്‌കൗണ്ട് നൽകിക്കൂടേ എന്ന ഉപദേശത്തിന് ‘അറിയാത്ത പുള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും’ എന്ന പഴഞ്ചൊല്ലിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. കെഎസ്ആർടിസിയിലെ പുതിയ പരിഷ്‌കാരം സ്വകാര്യ ബസ് വ്യവസായത്തെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ് ജോബി ജോർജ് പങ്കുവയ്ക്കുന്നത്.


Source link
NEWS

Back to top button