NEWS
‘വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാൾ എളുപ്പം കൊല്ലുന്നത്; കുടുംബത്തെ വേദനിപ്പിക്കാൻ താൽപര്യമില്ലായിരുന്നു’

പൂനെ∙ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയൽ. വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്നു വയ്ക്കുന്നതിനേക്കാൾ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നിയെന്ന് ചോദ്യം ചെയ്യലിൽ സിയ പൊലീസിനോട് പറഞ്ഞെന്ന് റിപ്പോർട്ട്. കുടുംബത്തെ വേദനിപ്പിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹം അവസാനിപ്പിക്കുന്നതിനു പകരം പ്രതിശ്രുത വരനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും സിയ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഭവത്തിൽ പുണെ ലോണാവാല പൊലീസ് അന്വേഷണം നടത്തുന്നത്. യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പ്രതിയായ സിയ ഗോയലിന്റെ, സഹോദരനെ ചോദ്യം ചെയ്ത് പൊലീസ്. സഹിൽ ഗോയലിനെ ഏകദേശം 10 മണിക്കൂറോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചേതൻ ചൗധരിയുമായി സിയയ്ക്ക് ബന്ധമുണ്ടായിരുന്നതിനെ കുറിച്ച് അറിയാമായിരുന്നോ എന്ന് പൊലീസ് സഹിലിനോട് ചോദിച്ചെന്നാണ് വിവരം. സിയയ്ക്ക് താൽപര്യമില്ലായിരുന്നെങ്കിൽ കേതനുമായുള്ള വിവാഹത്തിന് ഞങ്ങൾ നിർബന്ധിക്കില്ലായിരുന്നെന്ന് ചോദ്യം ചെയ്യലിൽ സഹോദരൻ പറഞ്ഞതായാണ് വിവരം. ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനുമായുള്ള വിവാഹം ഉറപ്പിച്ചത്. പ്രമുഖ നിർമാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് കുടുംബം ബുക്ക് ചെയ്തിരുന്നതായും അതിഥികളെ എത്തിക്കാൻ രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാട് ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ചേതനുമായി പ്രണയത്തിലായിരുന്നു സിയ. ഇതോടെ ഇരുവരും ചേർന്ന് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ 18നു ലോഹ്‌ഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെയാണു കേതൻ കൊക്കയിൽ വീണു മരിച്ചത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.
Source link


