CINEMA

ആഴ്‌ചകളുടെ വ്യത്യാസത്തിൽ വിടവാങ്ങിയവർ; ഭാഗ്യരാജിനെ നായകനാക്കാൻ കഷ്ടപ്പെട്ട ഭാരതിരാജ

ചെന്നൈ: 80കളിലും 90കളിലും തമിഴ്‌ സിനിമയിൽ തരംഗമായി മാറിയ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ കെ. ഭാഗ്യരാജ് സിനിമാലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ആഴ്‌ചകൾക്കുമുൻപ് മരണപ്പെട്ട വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് പിന്നാലെയുള്ള ഭാഗ്യരാജിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ സിനിമാലോകത്തെയും ഏറെ ദുഃഖത്തിലാഴ്‌ത്തുന്നു.

1977ൽ പുറത്തിറങ്ങിയ ഭാരതിരാജയുടെ ആദ്യ സിനിമയായ ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജിന്റേയും അരങ്ങേറ്റം. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള അതിഥി വേഷത്തിലാണ് ഭാഗ്യരാജ് പ്രത്യക്ഷപ്പെട്ടത്. ഭാരതിരാജയുടെ തന്നെ ‘സികപ്പ് റോജാക്കൾ’ (1978) എന്ന സിനിമയിലും ഭാഗ്യരാജ് ചെറിയ വേഷം ചെയ്തു. ഈ സിനിമയ്ക്കായി സംഭാഷണവുമെഴുതി.

’16 വയതിനിലെ’, ‘കിഴക്ക് പോകും റെയിൽ’ (1978) എന്നീ സിനിമകളിൽ ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ചു. ഈ രണ്ട് സിനിമകൾക്കും ഭാരതിരാജയുടെതന്നെ ‘ടിക് ടിക് ടിക്’ (1981) എന്ന സിനിമയ്ക്കും തിരക്കഥ രചിച്ചു. ഭാരതിരാജയുടെ 1979ൽ പുറത്തിറങ്ങിയ ‘പുതിയ വാർപ്പുകൾ’ എന്ന സിനിമയിലാണ് ഭാഗ്യരാജ് നായകവേഷത്തിലെത്തിയത്. തന്റെ സിനിമയിൽ ഭാഗ്യരാജിനെ നായകനാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഭാരതിരാജ പണ്ടൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

‘പുതിയ വാർപ്പുകൾ സിനിമ മുതലാണ് സിനിമയ്ക്കായി ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്ത് തുടങ്ങിയത്. ഭാഗ്യരാജ് ഈ സിനിമയിലെത്തിയത് അപ്രതീക്ഷിതമായാണ്. സെൽവരാജ് ആണ് ഈ സിനിമയ്ക്കായി സംഭാഷണമെഴുതിയത്. നീളമുള്ള സംഭാഷണങ്ങളായിരുന്നു അത്. അവ ചെറുതാക്കണമെന്ന് തോന്നി. അങ്ങനെ ഭാഗ്യരാജിനെ വിളിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് ഭാഗ്യരാജ് ആദ്യം ചോദിച്ചത്. കണ്ടയുടനെ ഭാഗ്യരാജിനോട് ഇരിക്കാൻ പറഞ്ഞു. അദ്ദേഹം ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുന്നിലിരുന്നു.

പുതിയ വാർപ്പുകളുടെ കഥ അറിയാമോയെന്ന് ചോദിച്ചു. അറിയാമെന്ന് അദ്ദേഹം മറുപടി നൽകി. അതിന് സംഭാഷണമെഴുതണമെന്ന് ആവശ്യപ്പെട്ടു. സെൽവരാജ് ആണല്ലോ എഴുതിയതെന്ന് ഭാഗ്യരാജ് ചോദിച്ചു. സംഭാഷണങ്ങൾ ചുരുക്കണമെന്ന് ഞാൻ ഭാഗ്യരാജിനോട് പറഞ്ഞു. രണ്ടുദിവസംകൊണ്ട് അദ്ദേഹം സംഭാഷണമെഴുതി. പിറ്റേദിവസം വന്ന് മേക്കപ്പ് ടെസ്റ്റ് നടത്താൻ ഭാഗ്യരാജിനോട് പറഞ്ഞു. പിറ്റേദിവസം മേക്കപ്പിട്ടതിനുശേഷം ഭാഗ്യരാജിന്റെ ചിത്രങ്ങളെടുത്തു. അതുകണ്ടതിനുശേഷം നീ തന്നെ ഹീറോയെന്ന് ഭാഗ്യരാജിനോട് പറഞ്ഞു. എന്നാൽ ഇത് സാറിന്റെ സ്വന്തം സിനിമയല്ലേ എന്നെവച്ച് സിനിമ ചെയ്ത് പരാജയപ്പെടേണ്ടെന്നുപറഞ്ഞ് അദ്ദേഹം വിസമ്മതിച്ചു. എന്നാൽ ഭാഗ്യരാജ് തന്നെ എന്റെ ഹീറോയെന്ന് ഞാനുറപ്പിച്ചു.

ഭാഗ്യരാജ് തന്നെ മെലിഞ്ഞിട്ടായിരുന്നു. അഭിനയിക്കാനെത്തുമ്പോൾ അഞ്ചോ ആറോ കട്ടിയുള്ള ബനിയൻ ധരിക്കാൻ നിർദേശിച്ചു. എന്നിട്ടും ഭാഗ്യരാജിന് നായകനാകാൻ സമ്മതക്കുറവുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം നായകനായി അഭിനയിച്ചു’- എന്നാണ് ഭാരതിരാജ വെളിപ്പെടുത്തിയത്.


Source link

Back to top button