’43-ാം വയസിൽ അമ്മയായി, മൂന്ന് കുട്ടികളെ ഒരുമിച്ച് പ്രതീക്ഷിച്ചില്ല’, മനസ് തുറന്ന് ബോളിവുഡ് സംവിധായിക ഫറാ ഖാൻ

നാൽപ്പത്തിമൂന്നാം വയസിൽ അമ്മയായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് സംവിധായക ഫറാ ഖാൻ. ഒരു ടോക്ക് ഷോയിൽ സംസാരിക്കവെയാണ് താൻ മൂന്ന് കുട്ടികളുടെ അമ്മയായതിനെക്കുറിച്ച് സംവിധായിക തുറന്നുപറഞ്ഞത്. ഐവിഎഫ് വഴി അമ്മയാകാൻ ശ്രമിക്കുമ്പോൾ മൂന്ന് കുട്ടികൾ ഒരുമിച്ച് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫറാ ഖാൻ പറഞ്ഞു. 2008 ഫെബ്രുവരിയിലാണ് ഫറയ്ക്കും ഭർത്താവ് ശിരീഷ് കുന്ദറിനും ഐവിഎഫിലൂടെ മൂന്ന് കുട്ടികൾ ജനിച്ചത്. അനന്യ, ദിവ, സാർ എന്നിവരാണ് മക്കൾ.
‘മൂന്ന് കുട്ടികളെ പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ ഒരു കുട്ടിയെങ്കിലും ഉണ്ടാകുമെന്ന് കരുതി. ഐവിഎഫ് പരീക്ഷിക്കുമ്പോൾ എനിക്ക് 42 വയസായിരുന്നു. പ്രസവിച്ചപ്പോൾ 43 വയസായി. സാധാരണ അമ്മയാകാൻ അനുയോജ്യമെന്ന് കരുതുന്ന പ്രായപരിധി ഞാൻ അപ്പോഴേക്കും പിന്നിട്ടിരുന്നു. സിനിമയിലെ നായികമാരും മറ്റ് സെലിബ്രിറ്റികളും പ്രസവിച്ച് രണ്ട് മാസത്തിനുള്ളിൽ പഴയ രൂപത്തിലേക്ക് തിരിച്ചെത്തുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യം വരും. എന്റെ പ്രസവഭാരം കുറച്ച് പഴയപടിയാകാൻ നാല് മുതൽ അഞ്ച് വർഷം വരെയാണ് സമയമെടുത്തത്.
ശിരീഷും മകൻ സാറും ഒരേ ഉയരമാണ്. രാത്രി ഞാൻ ഉറങ്ങുമ്പോൾ ബെഡ്റൂമിലേക്ക് വരുന്നത് ശിരീഷാണോ അതോ മകൻ സാറാണോ എന്ന് എനിക്ക് തിരിച്ചറിയാൻ പറ്റാറില്ല. വന്ന് കെട്ടിപ്പിടിക്കുമ്പോൾ മാത്രമാണ് അത് മകനാണെന്ന് മനസിലാകുന്നത്. നമുക്ക് ഒരു കാര്യം അത്രയധികം വേണമെന്ന് ആഗ്രഹിക്കുമ്പോൾ, അത് കിട്ടിക്കഴിയുമ്പോൾ അതിന്റെ മൂല്യം നമ്മൾ മറ്റ് കാര്യങ്ങളിലാണ് കാണുക.
ഒരു അച്ഛനെന്ന നിലയിലും കുടുംബത്തെ മുഴുവൻ നോക്കുന്ന വ്യക്തിയെന്ന നിലയിലും ഞാൻ ശിരീഷിനെ ഒരുപാട് ബഹുമാനിക്കുന്നു. അദ്ദേഹം ഇല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ‘നീ കുട്ടികളെയും കൂട്ടി പോയാൽ എന്റെ വൈഫൈ ആരാണ് നന്നാക്കുക?’ എന്ന് ഞാൻ തമാശയായി അദ്ദേഹത്തോട് ചോദിക്കാറുണ്ട്. ശിരീഷില്ലാതെ ഞങ്ങളുടെ വീട് മുന്നോട്ട് പോകില്ല, അദ്ദേഹം നല്ലൊരു അച്ഛനാണ്. എന്റെ കുട്ടികൾ ഇപ്പോൾ മികച്ച സർവ്വകലാശാലകളിൽ അഡ്മിഷൻ നേടിയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശിരീഷിനാണ്’.- ഫറ കൂട്ടിച്ചേർത്തു. 2004 ഡിസംബർ ഒമ്പതിനാണ് എഡിറ്ററും സംവിധായകനുമായ ശിരീഷ് കുന്ദറും ഫറാ ഖാനും വിവാഹിതരായത്.
Source link


